''സ്വിച്ച് ഇട്ട് നിർത്താനാകില്ല, വൈദ്യുതി പ്രതിസന്ധി ഉടൻ തീരില്ല''; വിശദീകരണവുമായി മന്ത്രി
ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാരിന് മനസിലാകുന്നുണ്ടെന്നും പ്രതിസന്ധി മറികടക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗത്തിൽ ആയിരത്തിലധികം മെഗാവാട്ടിന്റെ വർധനയുണ്ടായിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കാനാകില്ലെന്നും നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വർധിച്ച വൈദ്യുതി ഉപഭോഗവും ആഭ്യന്തര ഉൽപാദനത്തിന്റെ പരിമിതിയുമാണ് പ്രധാന വെല്ലുവിളികളെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാരിന് മനസിലാകുന്നുണ്ടെന്നും പ്രതിസന്ധി മറികടക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗത്തിൽ ആയിരത്തിലധികം മെഗാവാട്ടിന്റെ വർധനയുണ്ടായിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ രാത്രികാല ചാർജിങ്ങും ആവശ്യകത ഉയരാൻ കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് ഉടൻ വാങ്ങാൻ കഴിയുന്ന സാഹചര്യമല്ലെന്നും അതിന് ദീർഘകാല, ഹ്രസ്വകാല കരാറുകളും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയും ആവശ്യമാണ്.
നിലവിൽ സംസ്ഥാനത്തിന്റെ ആകെ ആവശ്യകതയുടെ ഏകദേശം 25 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം വലിയ പുതിയ വൈദ്യുതി പദ്ധതികൾ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സൗരോർജ ഉൽപാദനം വർധിപ്പിക്കുന്നുണ്ടെങ്കിലും പകൽ ലഭിക്കുന്ന വൈദ്യുതി രാത്രി ഉപയോഗത്തിനായി വലിയ തോതിൽ സംഭരിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ പര്യാപ്തമല്ല. ബ്രഹ്മപുരം ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആണവ വൈദ്യുതി പദ്ധതിയോട് കേരളം എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങളിലൂടെ വൈദ്യുതി ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കാലത്തെ നടപടികളെയും സണ്ണി ജോസഫ് വിമർശിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ റദ്ദാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്നാണ് മന്ത്രിയുടെ ആരോപണം. ആര്യാടൻ മുഹമ്മദിന്റെ കാലത്ത് ദീർഘവീക്ഷണത്തോടെ ഉണ്ടാക്കിയ കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഇടപെടേണ്ട വിഷയത്തിൽ ആറ് മാസത്തിന് ശേഷമാണ് നടപടിയുണ്ടായതെന്നും അപ്പോഴേക്കും യൂണിറ്റിന് നാല് രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതിയുടെ വില 10 രൂപയ്ക്ക് പോലും ലഭിക്കാത്ത നിലയിലായെന്നും മന്ത്രി ആരോപിച്ചു.
Comments ()