പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; യാത്രാ ജാഗ്രതാ നിർദേശം പുതുക്കി കുവൈത്തിലെ യുഎസ് എംബസി

മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണമാണെന്നും ഏത് സമയത്തും സ്ഥിതിഗതികൾ മാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാഗ്രതാ നിർദേശം ആവർത്തിച്ചത്

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; യാത്രാ ജാഗ്രതാ നിർദേശം പുതുക്കി കുവൈത്തിലെ യുഎസ് എംബസി

കുവൈത്ത് സിറ്റി:കുവൈത്തിലെ യുഎസ് എംബസി പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പ് വീണ്ടും പുറപ്പെടുവിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണമാണെന്നും ഏത് സമയത്തും സ്ഥിതിഗതികൾ മാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാഗ്രതാ നിർദേശം ആവർത്തിച്ചത്.

പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകളും ഈ മേഖലയിലൂടെയുള്ള യാത്രകളും അമേരിക്കൻ പൗരന്മാർ പുനഃപരിശോധിക്കണമെന്ന് എംബസി നിർദേശിച്ചു. മിഡിൽ ഈസ്റ്റിൽ നിലവിലുള്ളവർ സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും പ്രാദേശികവും അന്തർദേശീയവുമായ വാർത്തകൾ നിരന്തരം നിരീക്ഷിക്കണമെന്നും കോൺസുലാർ വിഭാഗം അറിയിച്ചു.

മേഖലയിലൂടെ യാത്ര ചെയ്യുന്നവരും ട്രാൻസിറ്റ് വിമാനങ്ങളെ ആശ്രയിക്കുന്നവരും യാത്രയ്ക്ക് മുമ്പ് വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈനുകളിൽ നിന്ന് ഉറപ്പാക്കണമെന്ന് എംബസി നിർദേശിച്ചു. സുരക്ഷാ സാഹചര്യത്തെ തുടർന്ന് വിമാന സർവീസുകളിൽ മാറ്റങ്ങളോ തടസ്സങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

അടിയന്തര സാഹചര്യങ്ങളിൽ മാത്രമായിരിക്കും നിലവിൽ യുഎസ് പൗരന്മാർക്ക് പരിമിതമായ കോൺസുലാർ സേവനങ്ങൾ ലഭ്യമാകുക. സഹായം ആവശ്യമുള്ളവർ കോൺസുലാർ വിഭാഗവുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. പാസ്‌പോർട്ട് സേവനങ്ങൾക്ക് മുൻകൂട്ടി അനുമതി വാങ്ങി എംബസി സംവിധാനങ്ങൾ ഉപയോഗിക്കാമെന്നും അർഹരായവർക്ക് ഡ്രോപ്പ്-ബോക്സ് സൗകര്യം വഴി പുതുക്കൽ നടപടികൾ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, വിസ നടപടികൾ, നോട്ടറി സേവനങ്ങൾ തുടങ്ങിയ അടിയന്തരമല്ലാത്ത കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സേവനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്ന് എംബസി വ്യക്തമാക്കി.