മസ്കറ്റ് ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനാഘോഷം; പ്രവാസികൾക്ക് ക്ഷണം
രാവിലെ 6.15ന് ആരംഭിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 6.30നകം എംബസി പരിസരത്ത് എത്തണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി രാവിലെ 6.50ന് പ്രവേശന കവാടം അടയ്ക്കുമെന്നും അതിന് ശേഷം ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി
മസ്കറ്റ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് മസ്കറ്റിലെ എംബസി ആസ്ഥാനത്ത് നടക്കുന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ സമൂഹാംഗങ്ങളെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും എംബസി ക്ഷണിച്ചു.
രാവിലെ 6.15ന് ആരംഭിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 6.30നകം എംബസി പരിസരത്ത് എത്തണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി രാവിലെ 6.50ന് പ്രവേശന കവാടം അടയ്ക്കുമെന്നും അതിന് ശേഷം ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. എംബസി നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴി ആർഎസ്‌വിപി പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ദേശീയ പതാക ഉയർത്തൽ, ദേശീയഗാനം, സ്വാതന്ത്ര്യദിന സന്ദേശം തുടങ്ങിയ ഔദ്യോഗിക പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. എല്ലാ വർഷവും മസ്കറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ നിരവധി പ്രവാസി ഇന്ത്യക്കാരാണ് പങ്കെടുക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ പുതുക്കുകയും ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം പങ്കുവെക്കുകയും ചെയ്യുന്ന പ്രധാന പ്രവാസി പരിപാടികളിലൊന്നായാണ് മസ്കറ്റിലെ ആഘോഷങ്ങളെ വിലയിരുത്തുന്നത്.
Comments ()