കുവൈത്തിൽ ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പ്; 'മിഡ്‌വൈഫറി' ഔദ്യോഗിക തസ്തികയായി
ആരോഗ്യ മേഖലയുടെ വികസന ആവശ്യങ്ങൾക്കനുസരിച്ച് പുതിയ അനുബന്ധ തസ്തികകൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ പ്രസവ ശുശ്രൂഷയിൽ പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരെ ഔദ്യോഗികമായി നിയമിക്കുന്നതിന് വഴി തെളിഞ്ഞു.
കുവൈത്ത് സിറ്റി: മാതൃ-ശിശു ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരോഗ്യ മേഖലയിലേക്ക് 'മിഡ്‌വൈഫറി' എന്ന പുതിയ ഔദ്യോഗിക തസ്തിക ഉൾപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ആരോഗ്യ മേഖലയുടെ വികസന ആവശ്യങ്ങൾക്കനുസരിച്ച് പുതിയ അനുബന്ധ തസ്തികകൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ പ്രസവ ശുശ്രൂഷയിൽ പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരെ ഔദ്യോഗികമായി നിയമിക്കുന്നതിന് വഴി തെളിഞ്ഞു.
ഗർഭകാലം മുതൽ പ്രസവാനന്തര പരിചരണം വരെയുള്ള സേവനങ്ങൾ കൂടുതൽ നിലവാരത്തോടെ ലഭ്യമാക്കുക, അമ്മമാരുടെയും നവജാത ശിശുക്കളുടെയും സുരക്ഷ ഉറപ്പാക്കുക, ആരോഗ്യ സ്ഥാപനങ്ങളിലെ സേവന ശേഷി വർധിപ്പിക്കുക എന്നിവയാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.
സബാഹ് മെഡിക്കൽ ഏരിയയിൽ പുതിയ മെറ്റേണിറ്റി ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതും അൽ-അദാൻ, അൽ-ഫർവാനിയ, അൽ-ജഹ്റ ആശുപത്രികളിലെ മാതൃ-ശിശു ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ മേഖലാ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ തസ്തികയ്ക്ക് അംഗീകാരം നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.
Comments ()