അറേബ്യന്‍ മണ്ണില്‍ ചരിത്രമെഴുതി മലയാളി: യുഎഇ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ ക്യാപ്റ്റന്മാരില്‍ ഒരാളായി ആലപ്പുഴക്കാരന്‍

ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ആദ്യത്തെ ഇന്ത്യന്‍ ട്രെയിന്‍ ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ നിഷാദ്

അറേബ്യന്‍ മണ്ണില്‍ ചരിത്രമെഴുതി മലയാളി: യുഎഇ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ ക്യാപ്റ്റന്മാരില്‍ ഒരാളായി ആലപ്പുഴക്കാരന്‍
നിഷാദ്

അബുദാബി: ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ആദ്യത്തെ ഇന്ത്യന്‍ ട്രെയിന്‍ ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ നിഷാദ് (29). ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ കുതിച്ചുപായുമ്പോള്‍, അത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വലിയൊരു അഭിമാനമാണ്. യുഎഇയുടെ ഈ അഭിമാന നിമിഷത്തില്‍ 'ട്രെയിന്‍ ഡ്രൈവേഴ്സ് ലൈന്‍ മാനേജര്‍' ആയി സേവനമനുഷ്ഠിക്കുകയാണ് ഈ ആലപ്പുഴക്കാരന്‍. നിഷാദിനൊപ്പം യുഎഇയുടെ ആദ്യ സ്വദേശി ക്യാപ്റ്റന്‍മാരായ ഇബ്രാഹിം അല്‍ ഹമ്മാദിയും സാറ അല്‍ മസ്‌റൂയിയും ഇത്തിഹാദ് റെയിലിന്റെ സാരഥ്യം ഏറ്റെടുത്ത് കൂടെയുണ്ട്.

2014-ല്‍ ഒരു പ്രാദേശിക സ്ഥാപനത്തില്‍ കാഷ്യറായാണ് നിഷാദ് തന്റെ പ്രവാസ ജീവിതം തുടങ്ങുന്നത്. പിന്നീട് പെര്‍ഫ്യൂം വില്പനക്കാരനായും ഹോട്ട് ഡോഗ് സാന്‍ഡ്വിച്ചുകള്‍ ഉണ്ടാക്കിയും ഹോം ഡെലിവറി നടത്തിയും നിഷാദ് ഉപജീവനമാര്‍ഗം കണ്ടെത്തി. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാതാപിതാക്കളായ നൗഷാദും ഷീബയും നിഷാദിന് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്നു.

2017-ല്‍ പാം ജുമൈറ മോണോറെയിലിലൂടെയാണ് നിഷാദ് റെയില്‍വേ ഗതാഗത മേഖലയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട്, ദുബായ് ട്രാമിലും ദുബായ് മെട്രോയിലും ജോലി ചെയ്തു. തന്റെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് 'കീ ഇന്‍സ്ട്രക്ടര്‍', 'അസസ്സര്‍' എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2023-ല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓപ്പറേഷന്‍സ് ടീം ലീഡറായി ചേര്‍ന്ന നിഷാദിന്, ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സീനിയര്‍ ടീം ലീഡറായി പ്രൊമോഷനും ലഭിച്ചു.

2020-ല്‍ ട്രെയിന്‍ ക്യാപ്റ്റന്‍ തസ്തികയിലേക്ക് ആദ്യമായി അപേക്ഷിച്ചപ്പോള്‍ ഇമെയില്‍ വിലാസത്തിലുണ്ടായ ഒരു പിശക് കാരണം ആ അവസരം നഷ്ടമായി. പിന്നീട് നിഷാദ് വീണ്ടും അപേക്ഷിക്കുകയും 2022-ഓടെ എല്ലാ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

2024-ല്‍ ഇത്തിഹാദ് റെയിലിന്റെ അതിവേഗ പാസഞ്ചര്‍ ട്രെയിനുകളുടെ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പദവി നിഷാദ് സ്വന്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും മലയാളികള്‍ക്ക് അഭിമാനമായി മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് ട്രെയിന്‍ ഓപ്പറേഷന്‍സ് ടീം ലീഡര്‍, കീ ഇന്‍സ്ട്രക്ടര്‍, അസസ്സര്‍ എന്നീ ചുമതലകളിലേക്ക് വീണ്ടും സ്ഥാനക്കയറ്റം ലഭിച്ചു.