ട്രെയിൻ ഇറങ്ങി ഡ്രൈവ് ചെയ്യാം; അബുദാബി, ഫുജൈറ സ്റ്റേഷനുകളിൽ 'റെയിൽ ടു റോഡ്' സേവനം തുടങ്ങി
നേരിട്ടെത്തുന്ന യാത്രക്കാർക്കായും ആവശ്യത്തിന് വാഹനങ്ങൾ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്
ഇത്തിഹാദ് റെയിൽ യാത്രക്കാരുടെ ഉപരിതല യാത്രാസൗകര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അബുദാബി, ഫുജൈറ റെയിൽവേ സ്റ്റേഷനുകളിൽ 'റെയിൽ ടു റോഡ്' കാർ റെന്റൽ സേവനത്തിന് തുടക്കമായി. പ്രമുഖ കാർ റെന്റൽ കമ്പനിയായ 'ത്രിഫ്റ്റി'യുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിദിനം 80 മുതൽ 200 ദിർഹം വരെയുള്ള നിരക്കുകളിൽ യാത്രക്കാർക്ക് വാഹനങ്ങൾ ലഭ്യമാകും. പ്രത്യേകം സെക്യൂരിറ്റി ഡെപ്പോസിറ്റോ, വാഹനം മടക്കി നൽകുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കേണ്ട ബാധ്യതയോ ഇല്ലാതെ തന്നെ ഈ സേവനം പ്രയോജനപ്പെടുത്താം. സൗജന്യമായി 60 കിലോമീറ്റർ വരെയുള്ള ഡ്രൈവിംഗും ആവശ്യമായ ഇന്ധനച്ചെലവും ഓരോ പാക്കേജിനുമൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്; കൂടുതൽ ദൂരം സഞ്ചരിക്കേണ്ടവർക്ക് അധിക തുക നൽകി പരിധി വർദ്ധിപ്പിക്കാവുന്നതുമാണ്. ട്രെയിൻ സമയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യാത്രക്കാരെ ബാധിക്കാതിരിക്കാൻ 24 മണിക്കൂർ അടിസ്ഥാനത്തിലാണ് റെന്റൽ കാലാവധി കണക്കാക്കുന്നത്.
യാത്രയ്ക്ക് മുമ്പോ അല്ലെങ്കിൽ സ്റ്റേഷനിൽ എത്തിയ ശേഷമോ മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ യാത്രക്കാർക്ക് നേരിട്ട് കാറുകൾ വാടകയ്ക്ക് എടുക്കാവുന്നതാണ്. നേരിട്ടെത്തുന്നവർക്കായി ആവശ്യത്തിന് വാഹനങ്ങൾ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണയായി വാഹനം എടുത്ത സ്റ്റേഷനിൽ തന്നെയാണ് തിരികെ നൽകേണ്ടതെങ്കിലും, ചെറിയൊരു അധിക തുക നൽകി യുഎഇയിലുടനീളമുള്ള മറ്റ് ത്രിഫ്റ്റി കേന്ദ്രങ്ങളിലും കാർ ഏൽപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ബുക്കിംഗ് ആപ്പിലൂടെ ട്രെയിൻ ടിക്കറ്റെടുക്കുമ്പോൾ തന്നെ ഈ കാർ റെന്റൽ സേവനവും തെരഞ്ഞെടുക്കാം. അഞ്ച് വർഷത്തെ പങ്കാളിത്ത കരാറിന്റെ ഭാഗമായി 500-ഓളം കാറുകളുടെ വിശാലമായ ശൃംഖലയാണ് ത്രിഫ്റ്റി സ്റ്റേഷനുകളിൽ ഒരുക്കുന്നത്.
Comments ()