ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകളിൽ ഓഗസ്റ്റ് 23 വരെ ഗതാഗത നിയന്ത്രണം

ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണം

ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകളിൽ ഓഗസ്റ്റ് 23 വരെ ഗതാഗത നിയന്ത്രണം

ഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജയിലെ ചില പ്രധാന പാതകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്‌ആർടിഎ) പുറത്തിറക്കിയ അറിയിപ്പുപ്രകാരം, ജൂലൈ 4 മുതൽ ഓഗസ്റ്റ് 23 വരെ നിയന്ത്രണം തുടരും.

ഷാർജ യൂണിവേഴ്സിറ്റി സിറ്റിയെയും അർദ് അൽ മാഹിദിനെയും ബന്ധിപ്പിക്കുന്ന റോഡുകളിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണം.

നിർമാണം പുരോഗമിക്കുന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ബദൽ ഗതാഗത ക്രമീകരണങ്ങളും വഴിമാറ്റങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ബോർഡുകളും സുരക്ഷാ നിർദേശങ്ങളും ഡ്രൈവർമാർ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും, സാധ്യമായിടത്ത് മറ്റ് റോഡുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് സമയനഷ്ടവും തിരക്കും ഒഴിവാക്കാൻ സഹായിക്കുമെന്ന് എസ്‌ആർടിഎ വ്യക്തമാക്കി.