ദുബൈയിൽ വൻ ഗതാഗത വികസനം; അൽ മക്തൂം വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയിൽ; 2031ൽ മെട്രോയും

ദുബൈ മെട്രോ റെഡ് ലൈൻ വിമാനത്താവളത്തിലേക്ക് നീട്ടുന്നതിനും അൽ മക്തൂം വിമാനത്താവളത്തെയും നിലവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് എക്‌സ്പ്രസ് ലിങ്ക് ഒരുക്കുന്നതിനുമുള്ള പദ്ധതികളും പരിഗണനയിലുണ്ട്

ദുബൈയിൽ വൻ ഗതാഗത വികസനം; അൽ മക്തൂം വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയിൽ; 2031ൽ മെട്രോയും

ദുബൈ: അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് റെയിൽ, മെട്രോ സർവീസുകൾ ആരംഭിക്കാൻ പദ്ധതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയിൽ എത്തിക്കുമെന്നും 2031-ഓടെ മെട്രോ കണക്റ്റിവിറ്റി യാഥാർഥ്യമാകുമെന്നുമാണ് പ്രതീക്ഷ. ദുബൈ എയർപോർട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബൈ മെട്രോ റെഡ് ലൈൻ വിമാനത്താവളത്തിലേക്ക് നീട്ടുന്നതിനും അൽ മക്തൂം വിമാനത്താവളത്തെയും നിലവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് എക്‌സ്പ്രസ് ലിങ്ക് ഒരുക്കുന്നതിനുമുള്ള പദ്ധതികളും പരിഗണനയിലുണ്ട്. പുതിയ വിമാനത്താവള ടെർമിനലിലേക്ക് ഇത്തിഹാദ് റെയിൽ സർവീസ് എത്തിക്കാനും ലക്ഷ്യമിടുന്നു. ബിഗ് 5 ഗ്ലോബൽ പരിപാടിയിൽ സംസാരിക്കവേയാണ് പോൾ ഗ്രിഫിത്‌സ് പദ്ധതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. മെട്രോ പാത നീട്ടുന്നതിനുള്ള നിർദേശത്തിന് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നേരത്തെ അംഗീകാരം നൽകിയിരുന്നു.

യാത്രക്കാരുടെ വീടുകളിൽനിന്ന് തന്നെ ലഗേജുകൾ ശേഖരിച്ച് വിമാനത്താവളത്തിലെത്തിക്കുന്നതിനും യാത്ര കഴിഞ്ഞ് തിരികെ വീടുകളിലെത്തിക്കുന്നതിനും സഹായിക്കുന്ന ഏകോപിത ഗതാഗത സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഗ്രിഫിത്‌സ് പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമുള്ള കേന്ദ്രമായി അൽ മക്തൂം വിമാനത്താവളം മാറും. വിമാനത്താവളത്തിന് ചുറ്റുമായി വീടുകൾ, സ്കൂളുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ വിപുലമായ നഗരമേഖലയും വികസിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി.