സൗദിയിൽ ഹൂതി ആക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്
ചൊവ്വാഴ്ച നടന്ന സംഭവത്തിൽ രണ്ട് സൗദി പൗരന്മാരും രണ്ട് ഇന്ത്യക്കാരും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് സുരക്ഷാ-അന്വേഷണ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ടവറിന് നേരെ വീണ്ടും ആക്രമണം. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദി അധികൃതർ അറിയിച്ചത്. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ രണ്ട് സൗദി പൗരന്മാരും രണ്ട് ഇന്ത്യക്കാരും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് സുരക്ഷാ-അന്വേഷണ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
പരിക്കേറ്റവരിൽ രണ്ട് സൗദി സ്വദേശികൾ, രണ്ട് ഇന്ത്യൻ പ്രവാസികൾ, മൂന്ന് നേപ്പാൾ സ്വദേശികൾ, നാല് ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരാണുള്ളത്. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസും മറ്റ് സുരക്ഷാ വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ഏകോപിപ്പിച്ചു. പ്രദേശത്തുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഉച്ചഭാഷിണികളിലൂടെ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ആക്രമണവിവരം ആദ്യം പുറത്തുവിട്ടത്. ഒരാഴ്ചയ്ക്കിടെ ഇതേ കെട്ടിടത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന്റെ വിവിധ നിലകളിലെ ജനൽച്ചില്ലുകൾ തകർന്നിരുന്നു. അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തിരുന്നു.
ഏകദേശം 385 മീറ്റർ ഉയരവും 80 നിലകളുമുള്ള കെട്ടിടത്തിന് പുതിയ ആക്രമണത്തിലും കേടുപാടുകൾ സംഭവിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനവും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ പ്രധാന കേന്ദ്രവുമാണ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്. ആക്രമണത്തിന്റെ സാഹചര്യങ്ങളും നാശനഷ്ടങ്ങളും സംബന്ധിച്ച് അധികൃതർ പരിശോധന തുടരുകയാണ്.
Comments ()