റാസല്‍ഖൈമ വാഹനാപകടം; മരിച്ചവരില്‍ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍
വിസ മാറുന്നതിനായി ഒമാനിൽ പോയി മടങ്ങുന്നവരാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്.
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച 13 പേരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ സ്വദേശി ഹേമന്ത് (29), കാസർകോട് അറ്റങ്ങാനം പാറക്കൽ വീട്ടിൽ അഷ്റഫ് കൊളങ്ങരടി (53) എന്നിവരാണ് മരിച്ച മലയാളികൾ. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരാണ് മരണപ്പെട്ട മറ്റ് ഇന്ത്യക്കാർ.
പുതിയ വിസയിലേക്ക് മാറുന്നതിനായി ഒമാനിൽ പോയി മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ദുബായിൽ താമസിച്ചിരുന്ന സങ്കീർത്ത സുരേഷ് പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള വിസ നടപടികൾ പൂർത്തിയാക്കി വരികയായിരുന്നു. വർഷങ്ങളായി യുഎഇയിൽ പ്രവാസിയായ അഷ്റഫും, ഹേമന്തും സമാനമായ രീതിയിൽ വിസ മാറുന്നതിനായാണ് ഒമാനിലേക്ക് പോയിരുന്നത്.
റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് വിഭാഗവും ആംബുലൻസ് ജീവനക്കാരും ഉൾപ്പെടുന്ന പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നൽകി.
Comments ()