വേഗതയും വികസനവും കൈകോർക്കുന്ന ഇത്തിഹാദ് റെയിൽ; പുതിയ യുഗത്തിലേക്ക് യുഎഇ

ഇത്തിഹാദ് റെയിലിനെക്കുറിച്ച് ഷിഹാബ് കെ കെ എഴുതുന്ന ഈ അഭിപ്രായ ലേഖനം, യു.എ.ഇയുടെ വികസന ദർശനവും ആധുനിക ഗതാഗത വിപ്ലവവും സംക്ഷിപ്തമായി വിലയിരുത്തുന്നു

വേഗതയും വികസനവും കൈകോർക്കുന്ന ഇത്തിഹാദ് റെയിൽ; പുതിയ യുഗത്തിലേക്ക് യുഎഇ

ഒരു രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനം കേവലം അത്ഭുത നിർമ്മിതികൾ മാത്രമല്ല, മറിച്ച് ഭരണകൂടം അതിന്റെ ജനതയോട് കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയുടെ അളവുകോലുകൂടിയാണെന്ന് ഇത്തിഹാദ് റെയിൽ തെളിയിക്കുന്നു. 13.6 ബില്യൺ ദിർഹം (1.17 ലക്ഷം കോടി രൂപ) എന്ന ഭീമമായ നിക്ഷേപം ഇവിടെ വഴിമാറുന്നത് കേവലമൊരു ഗതാഗത സംവിധാനത്തിലേക്കല്ല, മറിച്ച് സമയത്തെയും ഉൽപ്പാദനക്ഷമതയെയും പുനർനിർവ്വചിക്കുന്ന പ്രായോഗികമായ ഒരു സാമ്പത്തിക കുതിപ്പിലേക്കാണ്.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള ദൂരത്തെ വെറും 1 മണിക്കൂറും 45 മിനിറ്റുമായി ചുരുക്കുമ്പോൾ, യാഥാർത്ഥ്യമാകുന്നത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയൊരു സാമ്പത്തിക ശാസ്ത്രമാണ്.

കാർബൺ പുറന്തള്ളൽ കുറച്ചുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ അധ്വാനഭാരത്തെ ലഘൂകരിക്കുക എന്ന ആധുനിക വികസന സങ്കൽപ്പത്തിന്റെ ഏറ്റവും കൃത്യമായ പ്രയോഗമാണ് ഈ പദ്ധതിയിലൂടെ യു.എ.ഇ. ലോകത്തിന് കാണിച്ച് തരുന്നത്.

പ്രവാസിയുടെ ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ള മൂലധനം സമയമാണ്. ഈ തിരിച്ചറിവാണ് ഇത്തിഹാദ് റെയിലിനെ നമ്മളെപ്പോലുള്ള സാധാരണക്കാരുടെ ജീവനാഡിയാക്കുന്നത്. വേഗതയും യാത്രാസൗകര്യവും ഒരു ആഡംബരമല്ല, മറിച്ച് അധ്വാനിക്കുന്നവന്റെ അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിക്കുന്നതാണ് വെറും 55 ദിർഹമെന്ന കുറഞ്ഞ ടിക്കറ്റ് നിരക്ക്. വികസനത്തിന്റെ ഈ ജനാധിപത്യവൽക്കരണം ജനങ്ങൾ എത്രത്തോളം നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണ് വെറും 48 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ അയ്യായിരം ടിക്കറ്റുകൾ.

2027 മാർച്ചോടെ 13 അത്യാധുനിക ട്രെയിനുകൾ രാജ്യത്തെ മുഴുവൻ എമിറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുമ്പോൾ, സ്വന്തം പൗരന്മാർക്കും ഇവിടെ വിയർപ്പൊഴുക്കുന്ന പ്രവാസികൾക്കും ഒരുപോലെ പ്രാപ്യമായ ഒരു മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയാണ് ഈ രാജ്യം.

മനുഷ്യനെ മറന്നുള്ള വികസന കോലാഹലങ്ങൾക്കിടയിൽ, കൃത്യമായ കണക്കുകളും ദീർഘവീക്ഷണവും കൈമുതലാക്കി യു.എ.ഇ. നടപ്പിലാക്കുന്ന ഈ അടിസ്ഥാനസൗകര്യ വികസനം കേരളമുൾപ്പെടെയുള്ള സമൂഹങ്ങൾക്ക് നിഷേധിക്കാനാവാത്ത ഒരു പാഠപുസ്തകമാണ്.

ഷിഹാബ് കെ കെ, സിഇഒ ബ്രാന്റ് ബീക്കൻ കൺസൾട്ടൻസി