ലോകം ഉറ്റുനോക്കുന്ന ഇത്തിഹാദ് റെയിൽ, യു എ ഇയിൽ ഇനി റെയിൽ വിപ്ലവം: ചാക്കോ ഊളക്കാടൻ
ഏഴ് എമിറേറ്റുകളെ കോര്‍ത്തിണക്കുന്ന വികസന വിപ്ലവത്തെ കുറിച്ച് പ്രമുഖ സംരംഭകന്‍ ചാക്കോ ഊളക്കാടന്‍ എഴുതുന്ന ലേഖനം
യു.എ.ഇ.യിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ് ഇത്തിഹാദ് റെയില്‍. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഏഴ് എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കൂറ്റന്‍ റെയില്‍വേ ശൃംഖലയാണിത്. ഇത് യു.എ.ഇയുടെ സാമ്പത്തിക-സാമൂഹിക ഘടനയെ പാടേ പൊളിച്ചെഴുതുന്ന ഒരു വന്‍ വിപ്ലവമാണെന്ന് തന്നെ പറയാം. ഏഴ് എമിറേറ്റുകളെയും പരസ്പരം കോര്‍ത്തിണക്കുന്ന ഈ കൂറ്റന്‍ യാത്രാ ശൃംഖല, രാജ്യത്തിന്റെ ഭാവിയുടെ പുതിയ ജീവനാഡിയായി മാറുകയാണ്. ഇത്തിഹാദ് റെയില്‍ പദ്ധതിയെ കുറിച്ചും തൊഴില്‍ മേഖലയെ കുറിച്ചും സാമ്പത്തിക പരമായ കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് യു.എ.ഇ പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനും സംരംഭകനുമാണ് ചാക്കോ ഊളക്കാടന്‍.
2009ല്‍ നിര്‍മ്മാണം ആരംഭിച്ച ഇത്തിഹാദ് റെയില്‍വേ, പടിഞ്ഞാറ് സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് മുതല്‍ കിഴക്കന്‍ തീരമായ ഫുജൈറ വരെ 900 കിലോമീറ്ററോളമാണ് നീണ്ടുകിടക്കുന്നത്. അല്‍ ഹജര്‍ പര്‍വതനിരകളില്‍ തുരങ്കങ്ങളടക്കം നിര്‍മ്മിച്ച്, അതിസങ്കീര്‍ണ്ണമായ എഞ്ചിനീയറിംഗ് വെല്ലുവിളികള്‍ മറികടന്നാണ് ഈ പാത യാഥാര്‍ത്ഥ്യമാക്കിയത്. 2023-ല്‍ ചരക്കുഗതാഗതത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായതോടെ രാജ്യം ഇനി പാസഞ്ചര്‍ സര്‍വീസുകളിലേക്ക് കടക്കുകയാണ്.
2026 ജൂണ്‍ 30-ന് അബുദാബിക്കും ഫുജൈറയ്ക്കും ഇടയില്‍ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഓടിത്തുടങ്ങും. തുടര്‍ന്ന് സെപ്റ്റംബറോടെ ദുബായിലേക്കും ഷാര്‍ജയിലേക്കും, ഡിസംബറോടെ അല്‍ ദഫ്ര മേഖലയിലേക്കും, 2027 മാര്‍ച്ചില്‍ ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലേക്കും സര്‍വീസ് നീളും. ഭാവിയില്‍ യാഥാര്‍ത്ഥ്യമാകുന്ന മറ്റൊരു അതിവേഗ പാത അബുദാബി-ദുബായ് യാത്ര വെറും 30 മിനിറ്റാക്കി മാറ്റുകയും ചെയ്യും.
യു.എ.ഇയുടെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഇത്തിഹാദ് റെയില്‍വേ വഴിയൊരുക്കുന്നത്. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് കരുത്തുപകരുന്ന ഈ പദ്ധതി, 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 350 കോടി ദിര്‍ഹം സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചുറ്റുമായി പുതിയ വാണിജ്യ-പാര്‍പ്പിട കേന്ദ്രങ്ങള്‍ ഉയരുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വന്‍ ഉണര്‍വുണ്ടാകും. ഇതോടൊപ്പം പ്രവാസികളടക്കമുള്ളവരുടെ തൊഴില്‍ ഭൂപടവും വിശാലമാവുകയാണ്. മറ്റൊരു എമിറേറ്റിലെ മികച്ച ജോലികള്‍ക്ക് പോയിവരാന്‍ ഇനി റോഡിലെ ഗതാഗതക്കുരുക്കിനെ ഭയക്കേണ്ടതില്ല. ഫുജൈറയില്‍ നിന്നും ദുബായിലേക്ക് വെറും ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് എത്താം എന്നത് ഒരു പുതിയ തൊഴില്‍ സംസ്‌കാരത്തിന് തന്നെ തുടക്കം കുറിക്കും. റെയില്‍വേയുമായി ബന്ധപ്പെട്ട് 2030-ഓടെ ഒന്‍പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
യാത്രക്കാര്‍ക്ക് സമയവും പണവും ലാഭിക്കാം എന്നതാണ് മറ്റൊരു വലിയ നേട്ടം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയുള്ള പാസഞ്ചര്‍ ട്രെയിനുകളില്‍ അബുദാബിയില്‍ നിന്ന് ദുബായിലെത്താന്‍ വെറും 57 മിനിറ്റും ഫുജൈറയിലേക്ക് 1 മണിക്കൂര്‍ 45 മിനിറ്റും മതിയാകും. സാധാരണക്കാര്‍ക്ക് കൂടി താങ്ങാന്‍ കഴിയുന്ന നിരക്കുകളാകും ട്രെയിനുകളിലുണ്ടാവുക. തുടക്കത്തില്‍ അബുദാബി-ഫുജൈറ റൂട്ടില്‍ 50% ഇളവോടെ, കോംഫര്‍ട്ട് ക്ലാസിന് 55 ദിര്‍ഹമും പ്രീമിയം ക്ലാസിന് 120 ദിര്‍ഹമുമാണ് നിരക്ക് ഈടാക്കുക. ടിക്കറ്റ് തീയതി മാറ്റുന്നതിനും റദ്ദാക്കുന്നതിനും സേവര്‍, വാല്യൂ, ഫ്‌ലെക്‌സ് എന്നിങ്ങനെ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ചുള്ള വിവിധ ബുക്കിംഗ് ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്.
വികസനത്തിനൊപ്പം പ്രകൃതിയെയും നെഞ്ചോട് ചേര്‍ക്കുന്നതാണ് ഇത്തിഹാദ് റെയിലിന്റെ നയം. ചരക്കുനീക്കത്തിനായി റോഡുകളെ ആശ്രയിക്കുന്നത് കുറയുന്നതോടെ ഗതാഗത മേഖലയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 70% മുതല്‍ 80% വരെ ഇല്ലാതാകും. നിര്‍മ്മാണ സമയത്ത് മരങ്ങള്‍ സുരക്ഷിതമായി മാറ്റിനട്ടും, മൃഗങ്ങള്‍ക്ക് സുരക്ഷിത പാതകളൊരുക്കിയും പരിസ്ഥിതി ആഘാതം പരമാവധി കുറച്ചിട്ടുണ്ട്. കൂടാതെ, യു.എ.ഇയുടെ അതിരുകള്‍ കടന്ന് ഒമാനുമായി ബന്ധിപ്പിക്കുന്ന 238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 'ഹാഫീത് റെയില്‍' പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ അബുദാബിയില്‍ നിന്നും ഒമാനിലെ സോഹാറിലേക്കുള്ള യാത്ര വെറും ഒന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാം. വെറുമൊരു സാങ്കേതിക വിസ്മയം എന്നതിലുപരി, യു.എ.ഇയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പുരോഗതിയുടെ എക്കാലത്തെയും വലിയ ചാലകശക്തിയായി ഇത്തിഹാദ് റെയില്‍ മാറും എന്നതില്‍ യാതൊരു സംശയവുമില്ല.
ചാക്കോ ഊളക്കാടൻ
സംരംഭകൻ
ദുബൈ - യു എ ഇ +971 52 9036923
Comments ()