തീർഥാടകർ കാലാവധി കഴിഞ്ഞും തങ്ങിയാൽ വൻ പിഴ: ഹജ്ജ്, ഉംറ ഏജൻസികൾക്ക് സൗദിയുടെ മുന്നറിയിപ്പ്
രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അധികൃതരെ അറിയിക്കാവുന്നതാണ്.
റിയാദ്: കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കാത്ത സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത മുന്നറിയിപ്പുമായി സൗദി പബ്ലിക് സെക്യൂരിറ്റി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാലാവധി പൂര്‍ത്തിയായിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ശിക്ഷാനടപടി ഉണ്ടാവുക. ലംഘനം നടത്തുന്ന ഓരോ വ്യക്തിയുടെയും എണ്ണത്തിനനുസരിച്ച് ഈ സാമ്പത്തിക പിഴത്തുക വര്‍ധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സൗദി അറേബ്യയിലെ താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അധികൃതരെ അറിയിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മക്ക, മദീന, റിയാദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലും വിളിച്ചാണ് വിവരങ്ങള്‍ കൈമാറേണ്ടത്.
വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, ഇവര്‍ക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തങ്ങളോ പ്രത്യാഘാതങ്ങളോ ഉണ്ടാകില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ട്.
Comments ()