ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി മെട്രോയിലേക്ക് നേരിട്ട് നടക്കാം; പുതിയ നടപ്പാലം തുറന്നു

യാത്രക്കാർക്ക് സൗകര്യപ്രദമായി സഞ്ചരിക്കാൻ അടച്ചിട്ട നടപ്പാതയിൽ ട്രാവലേറ്ററുകളും ഒരുക്കിയിട്ടുണ്ട്.

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി മെട്രോയിലേക്ക് നേരിട്ട് നടക്കാം; പുതിയ നടപ്പാലം തുറന്നു

ഇത്തിഹാദ് റെയിലിന്റെ അൽ യലായിസ് സ്റ്റേഷനെയും ദുബായ് മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ നടപ്പാലം ഒക്ടോബർ 15 മുതൽ യാത്രക്കാർക്കായി തുറന്നുകൊടുത്തു. ഏകദേശം 400 മീറ്റർ നീളമുള്ള, എയർ കണ്ടീഷൻ ചെയ്ത ഈ അടച്ചുകെട്ടിയ നടപ്പാതയിലൂടെ അഞ്ച് മിനിറ്റുകൊണ്ട് ഇരു സ്റ്റേഷനുകൾക്കുമിടയിൽ എളുപ്പത്തിൽ നടന്നെത്താം.

ലഗേജുകളുള്ളവർക്ക് സൗകര്യപ്രദമായി സഞ്ചരിക്കാൻ ട്രാവലേറ്ററുകളും ഉയരത്തിലുള്ള പാലത്തിലേക്ക് കയറാൻ എസ്കലേറ്ററുകളും സ്റ്റെപ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് എത്തിച്ചേരാവുന്ന ആർടിഎയുടെ സൗജന്യ ഷട്ടിൽ ബസ് സർവീസും ലഭ്യമാണ്.

ഈ പുതിയ സംവിധാനം നിലവിൽ വന്നതോടെ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് ഇത്തിഹാദ് റെയിൽ വഴി അൽ യലായിസിലെത്തുന്ന യാത്രക്കാർക്ക് ടാക്സിയെയോ മറ്റ് വാഹനങ്ങളെയോ ആശ്രയിക്കാതെ തന്നെ മെട്രോ വഴി ദുബായ് മറീന, ബിസിനസ് ബേ, ഡൗൺടൗൺ ദുബായ് എന്നിവിടങ്ങളിലേക്ക് യാത്ര തുടരാം.

അതുപോലെ ദുബായിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നവർക്കും മെട്രോയിൽ എത്തി നേരിട്ട് ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കാം. സെപ്റ്റംബർ 30-നാണ് ദുബായ്–അബുദാബി ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ ആരംഭിച്ചത്. കംഫർട്ട് ക്ലാസിന് 39 ദിർഹം മുതലും പ്രീമിയം ക്ലാസിന് 109 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ. യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.