യൂറോപ്പ് വിസ തട്ടിപ്പ്: കോടികൾ കവർന്ന റിക്രൂട്ടിംഗ് ഏജൻസി ഉടമയെ കുവൈറ്റിൽ പിടികൂടി

മാസങ്ങൾ പിന്നിട്ടിട്ടും വിസയോ ജോലിയോ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്

യൂറോപ്പ് വിസ തട്ടിപ്പ്: കോടികൾ കവർന്ന റിക്രൂട്ടിംഗ് ഏജൻസി ഉടമയെ കുവൈറ്റിൽ പിടികൂടി

യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലിയും വേഗത്തിൽ വിസയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രമുഖ റിക്രൂട്ടിംഗ് ഏജൻസി ഉടമയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നൽകിയ പരസ്യങ്ങളിൽ ആകൃഷ്ടരായി കമ്പനിയെ സമീപിച്ച ഏഷ്യക്കാരായ 25-ഓളം പ്രവാസികളുടെ പരാതിയിലാണ് തലസ്ഥാന ഗവർണറേറ്റിലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുയോജ്യമായ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച്, കൃത്യമായ കരാറുകൾ ഉണ്ടാക്കിയ ശേഷം ഓരോരുത്തരിൽ നിന്നും 2,000 മുതൽ 2,500 വരെ കുവൈറ്റ് ദിനാർ (ഏകദേശം 5.5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ) ഏജൻസി ഈടാക്കിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ വിസയോ ലഭിക്കാതായതോടെ പണം തിരികെ ചോദിച്ച പ്രവാസികളെ ഉടമ ഭീഷണിപ്പെടുത്തുകയും, തുക വിസ നടപടികൾക്കായി ചെലവഴിച്ചതിനാൽ മടക്കി നൽകാനാകില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് വഞ്ചിക്കപ്പെട്ട ഇരകൾ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് നിലവിൽ അന്വേഷിച്ചു വരികയാണ്.