ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ചരിത്ര റെയിൽ പദ്ധതി; പരീക്ഷണ ഓട്ടം 2027 അവസാനത്തോടെ ആരംഭിക്കും
ഒമാനെയും യുഎഇയെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യ റെയിൽവേ പദ്ധതിയുടെ പരീക്ഷണ ഓട്ടം 2027 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആരംഭിക്കും.
ഒമാനെയും യുഎഇയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരിത്രപരമായ ആദ്യ റെയിൽവേ പദ്ധതിയുടെ പരീക്ഷണ ഓട്ടം 2027 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആരംഭിക്കും. ഇരു ഗൾഫ് അയൽരാജ്യങ്ങൾക്കുമിടയിൽ യാത്രാ-ചരക്ക് തീവണ്ടി ഗതാഗതം ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ വിവരങ്ങൾ ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മആവാലിയാണ് വ്യക്തമാക്കിയത്. ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ 'ഹഫീത് റെയിൽ' (Hafeet Rail) ആണ് 238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കൂറ്റൻ പദ്ധതി വികസിപ്പിക്കുന്നത്.
അൽ ബുറൈമി, അൽ ഐൻ വഴി ഒമാനിലെ സുഹാർ തുറമുഖ നഗരത്തെ യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത തുറമുഖങ്ങൾ, വ്യാവസായിക മേഖലകൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവയെ കോർത്തിണക്കി വ്യാപാര-യാത്രാ രംഗങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കും. സുഹാർ, അൽ ബുറൈമി, വാദി അൽ ജിസ്സി, അൽ ഐൻ തുടങ്ങിയ മേഖലകളിലായി നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്ന പദ്ധതിയുടെ 40 ശതമാനത്തിലധികം ജോലികൾ പൂർത്തിയായിട്ടുണ്ട്. മലനിരകളും നഗരപ്രദേശങ്ങളും കടന്നുപോകുന്ന പാതയിൽ 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും നിരവധിയായ മേൽപ്പാലങ്ങളും അടിപ്പാതകളും ഉൾപ്പെടുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയുള്ള യാത്രാ തീവണ്ടികൾ സർവീസ് ആരംഭിക്കുന്നതോടെ സുഹാർ, അൽ ഐൻ, അബുദാബി തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും വ്യാവസായിക കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്കുനീക്കത്തിന് വൻ കരുത്താകുകയും ചെയ്യും.
Comments ()