ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ദുബായ് മീഡിയ ഓഫീസാണ് നിര്യാണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

സഹോദരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, "സഹോദരാ, അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. നിങ്ങൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞെങ്കിലും പ്രാർത്ഥനകളിലും ഹൃദയങ്ങളിലും എന്നും ജീവിക്കും; അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ" എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അദ്ദേഹത്തോടുള്ള ആദരസൂചകമായി ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ എമിറേറ്റിലുടനീളമുള്ള സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ശൈഖ് അഹമ്മദിന്റെ നിര്യാണത്തിൽ യുഎഇയിലെ വിവിധ എമിറേറ്റ് ഭരണാധികാരികളും പ്രമുഖരും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.