വേഗപരിധി 70 കിലോമീറ്റർ മറികടന്ന് ഡ്രൈവിങ്; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ
ഡ്രൈവർ അതിവേഗത്തിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്
കുവൈത്ത് സിറ്റി: കുവൈത്തിൽ അനുവദനീയമായ വേഗപരിധി മറികടന്ന് അപകടകരമായ രീതിയിൽ വാഹനമോടിച്ച പ്രവാസി ഡ്രൈവർക്കെതിരെ നടപടി. പരിധിയേക്കാൾ 70 കിലോമീറ്ററിലധികം വേഗത്തിൽ വാഹനം ഓടിച്ച ഏഷ്യൻ സ്വദേശിയെയാണ് ജനറൽ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തത്.
ഡ്രൈവർ അതിവേഗത്തിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനറൽ ട്രാഫിക് വിഭാഗത്തിലെ സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ് വീഡിയോ പരിശോധിക്കുകയും വാഹനവും ഡ്രൈവറെയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ ഡ്രൈവറെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചോദ്യം ചെയ്യലിൽ ഇയാൾ നടത്തിയ നിയമലംഘനം സമ്മതിച്ചതായാണ് അധികൃതർ വ്യക്തമാക്കിയത്. അമിതവേഗത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് നശിപ്പിക്കുന്നതിനുള്ള നടപടികൾക്കായി കൈമാറി. ഡ്രൈവറെ തുടർ നിയമനടപടികൾക്കായി സെൻട്രൽ ജയിലിലേക്ക് മാറ്റി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments ()