നിയമക്കുരുക്ക്: സ്വപ്നങ്ങള്‍ ബാക്കിയാക്കി മടക്കം: 12 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി സൗദിയില്‍ അന്തരിച്ചു
തമിഴ്നാട് സ്വദേശിയായ അഴകിയ നായഗം (45) ആണ് റിയാദില്‍ മരണപ്പെട്ടത്.
സൗദി: നിയമപരമായ തടസ്സങ്ങള്‍ കാരണം കഴിഞ്ഞ 12 വര്‍ഷമായി ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന തമിഴ്നാട് സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സ്വദേശിയായ അഴകിയ നായഗം (45) ആണ് റിയാദില്‍ മരണപ്പെട്ടത്. റിയാദിലെ താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണ വിവരം രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകം അറിഞ്ഞത്. സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സജീവമായ ഇടപെടലുകളെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
കഴിഞ്ഞ 12 വര്‍ഷമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ നിയമക്കുരുക്കില്‍ അകപ്പെട്ട നിലയിലായിരുന്നു അഴകിയ നായഗം. മുന്‍പ് നജ്‌റാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം, അവിടെ നിന്നും മാറി റിയാദില്‍ എത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പോണ്‍സര്‍ നല്‍കിയ 'ഹുറൂബ്' (ഒളിച്ചോടി എന്ന) പരാതിയാണ് ഇദ്ദേഹത്തെ വര്‍ഷങ്ങളോളം കടുത്ത നിയമക്കുരുക്കിലാക്കിയതും നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാക്കിയതും.
ഒടുവില്‍ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ശുമൈസിയിലെ കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്ത്യന്‍ എംബസിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂര്‍ണ്ണമായ ചിലവുകള്‍ വഹിച്ചത്.
Comments ()