കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്ക് വരുമോ? കുവൈത്തില്‍ ചര്‍ച്ചകള്‍ സജീവം

അമിത സോഷ്യല്‍ മീഡിയ ഉപയോഗം കാരണം കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്ക് വരുമോ? കുവൈത്തില്‍ ചര്‍ച്ചകള്‍ സജീവം

കുവൈത്ത് സിറ്റി: ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയകളുടെ ഉപയോഗം കൂടിവരികയാണ്. കുട്ടികള്‍ ആയാലും മുതിര്‍ന്നവര്‍ ആയാലും ഒരു പരിധിക്കപ്പുറമാണ് സോഷ്യല്‍ മീഡിയകളില്‍ സമയം ചിലവഴിക്കുന്നത്. അമിത സോഷ്യല്‍ മീഡിയ ഉപയോഗം കാരണം കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. അതുപോലെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും മറ്റ് പലതരത്തിലുള്ള ചതികള്‍ക്കും ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇതിന്റെ ഉപയോഗം കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുകയും പഠനത്തില്‍ പിന്നോട്ട് പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു.

കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി കുവൈത്തില്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെടുകയാണ് വിദഗ്ധര്‍. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഡിജിറ്റല്‍ അടിമത്തം, സൈബര്‍ ബുള്ളിയിംഗ്, മാനസിക സമ്മര്‍ദ്ദം, വിഷാദം, സാമൂഹിക ഒറ്റപ്പെടല്‍, ഓണ്‍ലൈന്‍ ചൂഷണം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇ പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ മാതൃകയാക്കി കുവൈത്തും സമാന നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്.

കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതമായ വളര്‍ച്ചയും ഉറപ്പാക്കാന്‍ കുടുംബങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും, ഡിജിറ്റല്‍ ലോകത്തിലെ വര്‍ധിച്ചുവരുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്ത് കുട്ടികളുടെ സംരക്ഷണം നടപ്പാക്കണമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

കുവൈത്തിലെ വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കേവലം ബോധവല്‍ക്കരണം കൊണ്ട് മാത്രം ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും, ശക്തമായ നിയമനിര്‍മാണത്തിലൂടെ മാത്രമേ കുട്ടികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കൂ എന്നുമാണ് വിദഗ്ധരുടെ നിലപാട്. മാതാപിതാക്കളുടെ മേല്‍നോട്ടത്തോടൊപ്പം തന്നെ നിയമപരമായ നിയന്ത്രണങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.