ചർമ്മം വെളുപ്പിക്കുമെന്ന് വാഗ്ദാനം; പ്രതിമാസം വിൽപന 75 ലക്ഷം പാക്കറ്റുകൾ, വിപണിയിൽ വ്യാജ ഫെയർനെസ് ക്രീമുകൾ വ്യാപകം
എന്നാൽ വിപണിയിലെത്തുന്ന ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ പലതിനും ആവശ്യമായ ഗുണനിലവാര പരിശോധനകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടോയെന്നത് ആശങ്കയാകുന്നു
കൊച്ചി: രാജ്യത്തെ വിപണിയിൽ വ്യാജവും മതിയായ അംഗീകാരമില്ലാത്തതുമായ ഫെയർനെസ് ക്രീമുകളുടെ വിൽപന വർധിക്കുന്നതായി റിപ്പോർട്ട്. പ്രതിമാസം ഏകദേശം 75 ലക്ഷം പാക്കറ്റുകൾ ഇത്തരം ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതായാണ് കണക്ക്. ഇന്ത്യയ്ക്കു പുറമെ യുഎഇ ഉൾപ്പെടെയുള്ള വിപണികളിലേക്കും അറബിക് ഭാഷയിൽ വിവരങ്ങൾ രേഖപ്പെടുത്തിയ പാക്കറ്റുകളിലാണ് ചില ഉൽപ്പന്നങ്ങൾ എത്തുന്നത്. പുതിയ ബ്രാൻഡുകളുടെ പേരിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ക്രീമുകൾ അന്താരാഷ്ട്ര നിലവാരമുള്ളവയെന്ന അവകാശവാദങ്ങളോടെയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
എന്നാൽ വിപണിയിലെത്തുന്ന ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ പലതിനും ആവശ്യമായ ഗുണനിലവാര പരിശോധനകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടോയെന്നത് ആശങ്കയാകുന്നു. ഈ സാഹചര്യത്തിൽ സൗന്ദര്യവർധക വസ്തുക്കളുടെ പരിശോധന കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 2023ൽ ആരംഭിച്ച 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 15 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളാണ് അന്ന് പിടിച്ചെടുത്തത്.
ഓൺലൈൻ വിൽപനയിലും അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ചില ഫെയർനെസ് ക്രീമുകളിൽ അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് മഹാത്മാഗാന്ധി സർവകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം നടത്തിയ ഗവേഷണം കണ്ടെത്തി. ഡോ. മഹേഷ് മോഹനും റിസർച്ച് സ്കോളർ സ്വാതി കൃഷ്ണയും നേതൃത്വം നൽകിയ പഠനത്തിൽ സൂപ്പർമാർക്കറ്റുകൾ, ബ്യൂട്ടി സ്റ്റോറുകൾ, പ്രാദേശിക കടകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച 17 ക്രീം സാമ്പിളുകളാണ് പരിശോധിച്ചത്.
ചർമ്മം വെളുപ്പിക്കാമെന്ന വാഗ്ദാനമാണ് ഓൺലൈൻ വിപണിയിലെ ചില ഉൽപ്പന്നങ്ങളുടെ പ്രധാന ആകർഷണം. എന്നാൽ മെർക്കുറി അടങ്ങിയ ക്രീമുകളുടെ ദീർഘകാല ഉപയോഗം ആരോഗ്യത്തിന് ദോഷകരമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അവയുടെ ഗുണനിലവാരം, അംഗീകാരം, ലേബലിലെ വിവരങ്ങൾ എന്നിവ പരിശോധിച്ചശേഷം മാത്രം ഉപയോഗിക്കണമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
Comments ()