മുക്കുപണ്ടം വെച്ച് ബാങ്കുകളെ കബളിപ്പിച്ചു; അഞ്ച് ലക്ഷം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
മലപ്പുറത്ത് ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കർ (49) വണ്ടൂർ പോലീസിന്റെ പിടിയിലായി. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലും വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വകാര്യ ബാങ്കിൽനിന്ന് വള പണയം വെച്ച് രണ്ട് ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയ പ്രതി, തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിലായി വണ്ടൂർ ഫെഡറൽ ബാങ്കിലെ രണ്ട് അക്കൗണ്ടുകൾ വഴി 11 ഗ്രാം വ്യാജ സ്വർണ്ണം പണയം വെച്ചും രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.
സ്വകാര്യ ബാങ്ക് അധികൃതർക്ക് സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടർന്ന് ബാങ്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച വണ്ടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ അസ്കറിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Comments ()