സ്വർണത്തിന് പകരം മുക്കുപണ്ടം; ആഭരണക്കടയിലെ തട്ടിപ്പുശ്രമം പരാജയപ്പെട്ടു, കള്ളൻ പിടിയിൽ
കരമന തളിയൽ സ്വദേശി ബിജുകുമാറിനെയാണ് (56) കടയുടമയും നാട്ടുകാരും ചേർന്ന് കാട്ടാക്കട പൊലീസിലേൽപ്പിച്ചത്.
തിരുവനന്തപുരം കാട്ടാക്കടയിലെ കൃഷ്ണ ജ്വല്ലറിയിൽ മുക്കുപണ്ടം നൽകി സ്വർണമോതിരം കവരാൻ ശ്രമിച്ച മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവറായ കരമന തളിയൽ സ്വദേശി ബിജുകുമാറിനെ (56) കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ സ്വർണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാൾ, മോതിരങ്ങൾ നോക്കുന്നതിനിടെ ജീവനക്കാരൻ വില കണക്കുകൂട്ടുന്ന സമയമെടുത്ത് കയ്യിലുണ്ടായിരുന്ന ഗോൾഡ് കവറിങ് മോതിരം പകരം വെച്ച് യഥാർത്ഥ സ്വർണമോതിരം കൈക്കലാക്കുകയായിരുന്നു.
തുടർന്ന് കയ്യിൽ പണം കുറവാണെന്നും പിന്നീട് വരാമെന്നും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ ഉടൻ തന്നെ ഗ്ലാസ് ഡോർ പൂട്ടി ഇയാളെ തടയുകയായിരുന്നു. പരിശോധനയിൽ പകരം വെച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്ന് വ്യക്തമായതോടെ ഇയാളെ തടഞ്ഞുവെച്ച് കാട്ടാക്കട പൊലീസിന് കൈമാറി. കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments ()