മൃതദേഹത്തിൽ തലച്ചോറും ഹൃദയവുമില്ല; വെനസ്വേലയിൽ മരിച്ച നാവികൻ്റെ വിയോഗത്തിൽ വൻ അവയവക്കടത്ത് സംശയിച്ച് കുടുംബം

നാട്ടിലെത്തിച്ച മൃതദേഹത്തില്‍ തലച്ചോറും ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഇല്ലായിരുന്നു.

മൃതദേഹത്തിൽ തലച്ചോറും ഹൃദയവുമില്ല; വെനസ്വേലയിൽ മരിച്ച നാവികൻ്റെ വിയോഗത്തിൽ വൻ അവയവക്കടത്ത് സംശയിച്ച് കുടുംബം

ന്യൂഡല്‍ഹി: വെനസ്വേലയില്‍ വെച്ച് മരണമടഞ്ഞ ഇന്ത്യന്‍ നാവികന്‍ രാകേഷ് ചൗഹാന്റെ (33) ആന്തരികാവയവങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത നിലയില്‍. നാട്ടിലെത്തിച്ച മൃതദേഹത്തില്‍ തലച്ചോറും ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഇല്ലായിരുന്നു. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ നാവികന്റെ മരണത്തിലും അവയവങ്ങള്‍ മാറ്റിയതിലും വന്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ഫെഡറേഷന്‍ ഓഫ് സീഫെയറേഴ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയും രംഗത്തുവന്നു.

മുംബൈയില്‍ സ്ഥിരതാമസമാക്കിയ രാകേഷ് ചൗഹാന്‍ മെയ് മാസത്തിലാണ് വെനസ്വേലയില്‍ വെച്ച് മരിച്ചത്. തലകറങ്ങി വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണെന്നും ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മരണം നടന്ന് ഒരു മാസത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വിദേശത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയ വിവരം കമ്പനി മറച്ചുവെച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ കുടുംബം ഡിയോറിയ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവോടെ ഇന്ത്യയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് രാകേഷിന്റെ തലച്ചോറ്, ഹൃദയം, കരള്‍, ശ്വാസകോശം, വൃക്കകള്‍, പ്ലീഹ, അണ്ണാക്ക്, പിത്തസഞ്ചി, കുടലുകള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും നീക്കം ചെയ്തതായി കണ്ടെത്തിയത്.

ആന്തരികാവയവങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ മരണകാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് പരിശോധന പോലും നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കൂടാതെ കഴുത്ത് മുതല്‍ അടിവയര്‍ വരെയും ഇരു ചെവികള്‍ക്ക് കുറുകെ ഉള്‍പ്പെടെ ശരീരത്തില്‍ 22 ഓളം വലിയ തുന്നലുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വെനസ്വേലയിലെ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെടണമെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണവും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.