ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദിൽ യാത്രയയപ്പ്; സൗദിയിലെ ദൗത്യം അവസാനിപ്പിച്ച് മടക്കം

ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു

ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദിൽ യാത്രയയപ്പ്; സൗദിയിലെ ദൗത്യം അവസാനിപ്പിച്ച് മടക്കം

റിയാദിലെ ഔദ്യോഗിക സേവനകാലം പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് സൗദിയിലെ പ്രവാസി സമൂഹം ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച ഡോ. സുഹേൽ അജാസ് ഖാൻ, സൗദിയിലെ ഇന്ത്യൻ സമൂഹം നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ചു. ഇന്ത്യ–സൗദി ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ പ്രവാസി സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് സാമ്പത്തിക-വാണിജ്യ മേഖലകളിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എംബസി സേവനങ്ങൾ ഭാവിയിലും പ്രവാസികളുടെ ക്ഷേമത്തിനായി ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

1997 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സുഹേൽ അജാസ് ഖാൻ 2023 ജനുവരിയിലാണ് സൗദിയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ഈ മാസം അവസാനത്തോടെ റിയാദിനോട് ഔദ്യോഗികമായി വിടപറയും. നിലവിൽ ഖത്തർ അംബാസഡറായ വിപുൽ ആണ് അദ്ദേഹത്തിന്റെ പിൻഗാമിയായി സൗദിയിലെത്തുന്നത്.