ബെംഗളൂരുവിൽ അച്ഛനും നാലുവയസുകാരനായ മകനും മരിച്ച നിലയിൽ; ഭാര്യയെ കാണാതായി
ഓഗസ്റ്റ് 17ന് രാത്രി 10 മണി മുതൽ ഓഗസ്റ്റ് 18ന് രാവിലെ 6 മണി വരെയുള്ള സമയത്തിനിടെയായിരിക്കാം ഇരുവരുടെയും മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഭിനന്ദന്റെ ബന്ധുവാണ് വീട്ടിലെത്തി ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ചിക്കഭവനിൽ 34കാരനെയും നാലുവയസുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടിലാണ് സംഭവം. അഭിനന്ദനും മകനുമാണ് മരിച്ചത്.
ഓഗസ്റ്റ് 17ന് രാത്രി 10 മണി മുതൽ ഓഗസ്റ്റ് 18ന് രാവിലെ 6 മണി വരെയുള്ള സമയത്തിനിടെയായിരിക്കാം ഇരുവരുടെയും മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഭിനന്ദന്റെ ബന്ധുവാണ് വീട്ടിലെത്തി ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മയെ അറിയിക്കുകയായിരുന്നു.
അഭിനന്ദന്റെ ശരീരത്തിൽ മുഖത്തും മറ്റ് ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, നാലുവയസുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.
അഭിനന്ദന്റെ ഭാര്യ ഹരിണിയെ സംഭവത്തിന് പിന്നാലെ കാണാതായതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ അഭിനന്ദന്റെ കുടുംബം ഹരിണിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വീട്ടിലെ സാഹചര്യങ്ങളും ലഭ്യമായ തെളിവുകളും പരിശോധിച്ചുവരികയാണെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
Comments ()