അമ്മയോടുള്ള അടുപ്പത്തിൽ അസൂയ; രണ്ട് മക്കളെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്

കുട്ടികളുടെ മൃതദേഹങ്ങൾ യാദ്ഗിരി ജില്ലയിലെ കനാലിൽ നിന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി തന്നെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കുട്ടികളെ കനാലിൽ തള്ളിയിട്ട വിവരം അറിയിച്ചത്

അമ്മയോടുള്ള അടുപ്പത്തിൽ അസൂയ; രണ്ട് മക്കളെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്

യാദ്ഗിരി: കർണാടകയിലെ യാദ്ഗിരിയിൽ രണ്ട് മക്കളെ ജലസേചന കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒൻപത് വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്.

കുട്ടികളുടെ മൃതദേഹങ്ങൾ യാദ്ഗിരി ജില്ലയിലെ കനാലിൽ നിന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി തന്നെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കുട്ടികളെ കനാലിൽ തള്ളിയിട്ട വിവരം അറിയിച്ചത്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ഉച്ചയ്ക്ക് 2.15നും 2.30നും ഇടയിൽ പ്രതി മൂന്ന് മക്കളെയും ഇരുചക്ര വാഹനത്തിൽ വീട്ടിൽനിന്ന് കൊണ്ടുപോയതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് രണ്ട് കുട്ടികളെ കനാലിൽ തള്ളിയിട്ട ശേഷം ആറ് വയസ്സുള്ള മറ്റൊരു മകളുമായി യാദ്ഗിരി നഗരത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നാണ് 112 നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചത്.

രാത്രിയായതിനാൽ കനാലിൽ തെരച്ചിൽ നടത്തുന്നത് പ്രയാസകരമായിരുന്നു. തുടർന്ന് രാവിലെ ഏകദേശം 6.30ഓടെ കനാലിലെ ജലപ്രവാഹം നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് 3.30ഓടെ ആൺകുട്ടിയുടെ മൃതദേഹവും വൈകിട്ട് അഞ്ചരയ്ക്കും ആറിനും ഇടയിൽ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

കുട്ടികൾക്ക് അമ്മയോടുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഭാര്യയോടായിരുന്നു മരിച്ച രണ്ട് കുട്ടികൾക്കും കൂടുതൽ അടുപ്പമുണ്ടായിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മരിച്ച ഒൻപത് വയസ്സുകാരി നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.