പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; പത്താംക്ലാസുകാരിയെ കൊന്ന് പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

വില്ലുപുരം വാനൂരിലാണ് ക്രൂര കൊലപാതകം. 10–ാം ക്ലാസുകാരി വികാസിനിയാണ് കൊല്ലപ്പെട്ടത്.

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; പത്താംക്ലാസുകാരിയെ കൊന്ന് പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

വില്ലുപുരം: പ്രണയബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ച പത്താംക്ലാസുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരം വാനൂരിലാണ് ക്രൂരമായ സംഭവം നടന്നത്. പതിനാലുകാരിയായ വികാസിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ശിവശാസ്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് വികാസിനി. റാണിപ്പേട്ടയിൽ മുത്തശ്ശിക്കൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന പെൺകുട്ടി അവിടുത്തെ പ്രാദേശികവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സ്കൂളിൽ പോകുന്ന വഴികളിൽ ഇരുവരും നിരന്തരം കണ്ടുമുട്ടാറുണ്ടായിരുന്നു. എന്നാൽ ഈ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞ മുത്തശ്ശി വിവരം ശിവശാസ്ത്രിയെ അറിയിക്കുകയും കുട്ടിയെ കൂടെക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനെ തുടർന്ന് നാലുമാസം മുൻപാണ് വികാസിനിയെ ശിവശാസ്ത്രി സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വീടിനടുത്തുള്ള സ്കൂളിൽ ചേർത്തത്. തുടർന്ന് യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പിതാവ് പലതവണ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി ഇതിന് തയ്യാറായിരുന്നില്ല. ഫോണിലൂടെ സംസാരിക്കുന്നതും പുറത്തുപോകുന്നതും കുട്ടി തുടരുകയായിരുന്നു.

സംഭവദിവസം രാത്രി ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്ത് ശിവശാസ്ത്രി മൂത്തമകളെ സഹോദരന്റെ വീട്ടിലേക്ക് അയച്ചശേഷം വികാസിനിയുമായി സംസാരിച്ചു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രണയത്തിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി അതിനെ ശക്തമായി എതിർത്തു. പ്രണയബന്ധം ഉപേക്ഷിക്കില്ലെന്ന് പെൺകുട്ടി വ്യക്തമാക്കിയതോടെ ഇരുപങ്കാളികളും തമ്മിൽ ശക്തമായ തർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ ശിവശാസ്ത്രി മകളുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടി ബോധരഹിതയായി വീണതോടെ പ്രതി സമീപവാസിയായ സഹോദരനെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ശിവശാസ്ത്രിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.