മകളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം; തീരാനൊമ്പരമായി പിതാവിന്റെ മരണം
വിവാഹദിനമായ 10ന് രാവിലെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് അൻവറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതോടെ ചികിത്സയിലിരിക്കെ വൈകിട്ട് നാലുമണിയോടെയാണ് മരണം സംഭവിച്ചത്
തിരുവനന്തപുരം: മകളുടെ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വിവാഹദിനമായ 10ന് രാവിലെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് അൻവറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതോടെ ചികിത്സയിലിരിക്കെ വൈകിട്ട് നാലുമണിയോടെയാണ് മരണം സംഭവിച്ചത്. മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആഗ്രഹം പൂർത്തിയാക്കാനാകാതെയാണ് അൻവർ വിടവാങ്ങിയത്.
കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിലെ സ്‌ക്വാഡ് ഇൻസ്‌പെക്ടറായിരുന്നു അൻവർ. മൂന്നാഴ്ച മുമ്പാണ് കണ്ണൂരിൽനിന്ന് നെടുമങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് എത്തിയത്. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ കബറടക്കും.
Comments ()