കേരളത്തിൽ പനി വ്യാപനം രൂക്ഷം; പാലക്കാട് 14കാരി മരിച്ചു

രാത്രി 11 മണിയോടെ ശിവരഞ്ജിനിക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്

കേരളത്തിൽ പനി വ്യാപനം രൂക്ഷം; പാലക്കാട് 14കാരി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പാലക്കാട് മണ്ണാർക്കാട് 14കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വദേശി ശിവരഞ്ജിനിയാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. പനി ഭേദമാകാത്തതിനെ തുടർന്ന് രാത്രി എട്ടോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടറെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും മണിക്കൂറുകൾക്കകം കുട്ടിയുടെ നില ഗുരുതരമായി.

രാത്രി 11 മണിയോടെ ശിവരഞ്ജിനിക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്.

അതിനിടെ സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണത്തിലും വലിയ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം 8,407 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒറ്റ ദിവസം ഒൻപത് പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് പ്രതിദിന രോഗികളുടെ എണ്ണം 2,000 കടന്നപ്പോൾ പാലക്കാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിലും രോഗബാധ ഉയരുകയാണ്. ഒറ്റപ്പാലത്ത് ഒരു ഡെങ്കിപ്പനി മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 48 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചിട്ടുമുണ്ട്; ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്.

രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മരുന്നുകളുടെ കുടിശ്ശിക തുക ലഭിക്കാത്തതിനാൽ ചില വിതരണക്കാർ പർച്ചേസ് ഓർഡർ അനുസരിച്ചുള്ള വിതരണം വൈകിപ്പിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പകർച്ചപ്പനി വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.