വളർത്തുനായയെ ഉപേക്ഷിച്ചാൽ പിഴ; ലൈസൻസും മൈക്രോചിപ്പും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ

വളർത്തുനായയെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ വളർത്തുന്നവർക്കും 10,000 രൂപ വരെ പിഴ ചുമത്തുന്ന നിയമഭേദഗതിക്കാണ് നീക്കം

വളർത്തുനായയെ ഉപേക്ഷിച്ചാൽ പിഴ; ലൈസൻസും മൈക്രോചിപ്പും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: തെരുവുനായ പ്രശ്നം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വളർത്തുനായകളുടെ ഉടമകൾക്കായി കർശന വ്യവസ്ഥകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. വളർത്തുനായയെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കും ലൈസൻസില്ലാതെ വളർത്തുന്നവർക്കും 10,000 രൂപ വരെ പിഴ ചുമത്തുന്ന നിയമഭേദഗതിക്കാണ് നീക്കം. അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും സമാനമായ പിഴ ഈടാക്കും.

വളർത്തുനായകളുടെ ലൈസൻസും നിർബന്ധിത പ്രതിരോധ കുത്തിവെപ്പും നടപ്പാക്കുന്നതിനൊപ്പം ഓരോ നായയ്ക്കും മൈക്രോചിപ്പ് ഘടിപ്പിക്കുന്ന സംവിധാനവും സർക്കാർ പരിഗണിക്കുന്നു. ഉടമകൾ ഉപേക്ഷിക്കുന്ന നായകളെ എളുപ്പത്തിൽ തിരിച്ചറിയാനും ഉത്തരവാദിത്തം ഉറപ്പാക്കാനുമാണ് ഈ നടപടി. ഇതിനായി കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തും.

വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തെരുവുനായകളുടെ എണ്ണം വർധിക്കാനും അവയുടെ ആക്രമണ സ്വഭാവം കൂടാനും കാരണമാകുന്നുവെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് വിലയിരുത്തൽ. വീടുകളിൽ വളർന്ന നായകൾ തെരുവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ മറ്റ് നായകളുമായി ഏറ്റുമുട്ടുകയും ആക്രമണസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തെരുവുനായ നിയന്ത്രണത്തിനായി വന്ധ്യംകരണ കേന്ദ്രങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനും കൂടുതൽ മൊബൈൽ എബിസി യൂണിറ്റുകൾ ആരംഭിക്കാനും സർക്കാർ പദ്ധതിയിടുന്നു. ശാസ്ത്രീയ രീതിയിൽ ഭക്ഷണം നൽകുന്നതിനായി പ്രത്യേക ഫീഡിങ് സോണുകളും സജ്ജമാക്കും. നിയമഭേദഗതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഈയാഴ്ച ചേരുന്ന മന്ത്രിതല യോഗത്തിൽ കൈക്കൊള്ളും.