‘ഉള്ളിയും വെളുത്തുള്ളിയും ഇല്ലെങ്കിൽ മീൻ വെജിറ്റേറിയൻ’; ചർച്ചയായി യുപി മന്ത്രിയുടെ വാദം
വെളുത്തുള്ളിയും സവാളയും ഉപയോഗിക്കാതെ തയ്യാറാക്കുന്ന മീൻ സസ്യാഹാരമായി കണക്കാക്കാമെന്നാണ് സഞ്ജയ് നിഷാദ് പറഞ്ഞത്. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഈ വാദം
ലക്നൗ: മീൻ കഴിക്കുന്നതിനെ സസ്യാഹാരമായി വിശേഷിപ്പിച്ച് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ് നടത്തിയ പരാമർശം വിവാദമായി. ശ്രാവണ മാസത്തിൽ മാംസാഹാരം ഒഴിവാക്കുന്ന സമയത്താണ് മന്ത്രിയുടെ പ്രസ്താവനയെന്നതും ചർച്ചകൾക്ക് കാരണമായി.
വെളുത്തുള്ളിയും സവാളയും ഉപയോഗിക്കാതെ തയ്യാറാക്കുന്ന മീൻ സസ്യാഹാരമായി കണക്കാക്കാമെന്നാണ് സഞ്ജയ് നിഷാദ് പറഞ്ഞത്. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഈ വാദം. സമാനമായ അഭിപ്രായം താൻ മുമ്പും പറഞ്ഞിട്ടുണ്ടെന്നും അന്ന് മതനേതാക്കളിൽനിന്ന് എതിർപ്പുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
നിഷാദ് പാർട്ടി അധ്യക്ഷൻ കൂടിയായ സഞ്ജയ് നിഷാദ്, മീൻ നിഷാദ് സമുദായവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും വ്യക്തമാക്കി. ഉത്തർപ്രദേശിന്റെ ഔദ്യോഗിക ചിഹ്നത്തിലുള്ള മത്സ്യവും വില്ലും അമ്പും നിഷാദ് സമുദായത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രാവണ മാസത്തിൽ ഹിന്ദു ആചാരങ്ങളുടെ ഭാഗമായി പലരും മാംസാഹാരം ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വാക്കുകൾ പുറത്തുവന്നത്. ഇതോടെ പ്രസ്താവന രാഷ്ട്രീയതലത്തിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. മന്ത്രിയുടെ വാദത്തിനെതിരെ നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
Comments ()