അഞ്ചരമണിക്കൂര് നീണ്ട ദൗത്യം;30 അടി താഴ്ചയുള്ള കുഴിയിൽ വീണ ഗർഭിണി പശുവിന് രക്ഷകരായി ഫയർഫോഴ്സ്
ഏകദേശം 30 അടി താഴ്ചയുള്ള കുഴിയിലായിരുന്നു പശു വീണത്. വെണ്ണിയൂർ വടക്കരികത്ത് വീട്ടിൽ മോഹനകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്
തിരുവനന്തപുരം: വീട്ടിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ ഗർഭിണി പശുവിനെ അഞ്ചര മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്സ് ജീവനക്കാർ സുരക്ഷിതമായി പുറത്തെത്തിച്ചു. ഏകദേശം 30 അടി താഴ്ചയുള്ള കുഴിയിലായിരുന്നു പശു വീണത്. വെണ്ണിയൂർ വടക്കരികത്ത് വീട്ടിൽ മോഹനകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി 10.30ഓടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
കുഴിയുടെ ആഴവും പശുവിന്റെ അവസ്ഥയും കണക്കിലെടുത്ത് ഏറെ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവർത്തനം. ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് പശുവിനെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ കുഴിയിലിറങ്ങി രക്ഷാദൗത്യത്തിൽ നേരിട്ട് പങ്കാളിയായി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരി ജി.പി.യുടെ നേതൃത്വത്തിൽ ഓഫീസർമാരായ പ്രദീപ്, ശ്യാംധരൻ, ഹരികൃഷ്ണൻ, ഹോം ഗാർഡ് സജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കക്കാമൂല വാർഡ് അംഗം ബിജു, നാട്ടുകാർ, സിവിൽ ഡിഫൻസ് വളന്റിയർമാർ എന്നിവരും രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകി.
നീണ്ട മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ ജീവനോടെ പുറത്തെടുക്കാനായത് ഉടമയ്ക്കും നാട്ടുകാർക്കും വലിയ ആശ്വാസമായി. രക്ഷാപ്രവർത്തകരുടെ കൂട്ടായ പരിശ്രമമാണ് ദൗത്യം വിജയത്തിലെത്തിച്ചത്.
Comments ()