പൊന്നാനിയില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.
പൊന്നാനി (മലപ്പുറം): കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കുട്ടി, അശ്റഫ് എന്നിവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകുന്നേരമാണ് റാഫി ഉൾപ്പെടെ നാലംഗ സംഘം 'മസ്ജിദു നബവി' എന്ന ഫൈബർ വള്ളത്തിൽ പൊന്നാനി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. രാത്രിയിൽ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്നവരുടെ ദേഹത്ത് മിന്നലേൽക്കുകയുമായിരുന്നു.
അപകടം നടന്നയുടൻ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് പരിക്കേറ്റവരെ കരയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ റാഫിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Comments ()