കുറഞ്ഞ നിരക്കിൽ സൗദി നഗരങ്ങളിലേക്ക് പറക്കാം; ദമാമിൽ നിന്ന് പുതിയ ബജറ്റ് സർവീസ്
പുതിയ വിമാനക്കമ്പനി ദമാമിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. മദീനയിലേക്ക് ഒരു പ്രതിദിന സർവീസുമുണ്ട്. സർവീസുകളുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്ക് കൂടുതൽ സമയ ഓപ്ഷനുകൾ ലഭിക്കും
റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ആഭ്യന്തര വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാകുന്നു. ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ ബജറ്റ് എയർലൈൻ സർവീസുകൾ ആരംഭിച്ചതോടെ റിയാദ്, ജിദ്ദ, മദീന നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയത്.
പുതിയ വിമാനക്കമ്പനി ദമാമിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. മദീനയിലേക്ക് ഒരു പ്രതിദിന സർവീസുമുണ്ട്. സർവീസുകളുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്ക് കൂടുതൽ സമയ ഓപ്ഷനുകൾ ലഭിക്കും. ഞായറാഴ്ച ദമാമിൽ നിന്ന് റിയാദിലേക്കാണ് കമ്പനിയുടെ ആദ്യ സർവീസ് ആരംഭിച്ചത്.
എയർ അറേബ്യയുടെ നേതൃത്വത്തിലുള്ള സൗദിയിലെ പുതിയ ബജറ്റ് വിമാനക്കമ്പനിയാണ് സർവീസുകൾ നടത്തുന്നത്. എയർ അറേബ്യ ഗ്രൂപ്പ്, നെസ്മ ഗ്രൂപ്പ്, കുൻ ഹോൾഡിങ് എന്നിവ ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് വിമാനക്കമ്പനി പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചത്.
എയർ അറേബ്യയുടെ ബജറ്റ് മാതൃക പിന്തുടരുന്ന കമ്പനിയുടെ സർവീസുകളിൽ 174 സീറ്റുകളുള്ള എയർബസ് എ320 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ദമാമിനെ പ്രധാന കേന്ദ്രമാക്കി പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ആഭ്യന്തര യാത്രക്കാർക്ക് കൂടുതൽ വിമാന ഓപ്ഷനുകളും താരതമ്യേന കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യവും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Comments ()