മുംബൈയിലേക്ക് നേരിട്ട് വിമാന സർവീസുമായി ഫ്ലൈഅദീൽ; പ്രവാസികൾക്ക് ആശ്വാസം

സൗദിയുടെയും ഇന്ത്യയുടെയും വാണിജ്യ തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് ബിസിനസ്സ്, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടും.

മുംബൈയിലേക്ക് നേരിട്ട് വിമാന സർവീസുമായി ഫ്ലൈഅദീൽ; പ്രവാസികൾക്ക് ആശ്വാസം

റിയാദ്: സൗദി അറേബ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈഅദീല്‍ ഹൈദരാബാദിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായി മുംബൈയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സര്‍വീസുകള്‍ വിപുലീകരിക്കുന്നു.

ഒക്ടോബര്‍ 3 മുതല്‍ റിയാദ്-മുംബൈ റൂട്ടില്‍ ആരംഭിക്കുന്ന ഈ സര്‍വീസുകള്‍ ചൊവ്വ, വെള്ളി ഒഴികെയുള്ള ആഴ്ചയിലെ അഞ്ച് ദിവസങ്ങളില്‍ അത്യാധുനിക എയര്‍ബസ് A320neo വിമാനങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. റിയാദില്‍ നിന്ന് പുലര്‍ച്ചെ 00:55-ന് പുറപ്പെടുന്ന വിമാനം രാവിലെ 07:40-ന് മുംബൈയിലും, മുംബൈയില്‍ നിന്ന് രാവിലെ 08:40-ന് പുറപ്പെട്ട് 10:15-ന് റിയാദിലും എത്തിച്ചേരും.

സൗദിയുടെയും ഇന്ത്യയുടെയും വാണിജ്യ തലസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പുതിയ റൂട്ട് വഴി പ്രതിമാസം 7,400-ലധികം അധിക സീറ്റുകള്‍ ലഭ്യമാകുകയും, ബിസിനസ്സ്-വിനോദസഞ്ചാര യാത്രികര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുകയും ചെയ്യും. കൂടാതെ, റിയാദ് വഴി ജിദ്ദ, മദീന, ദമാം തുടങ്ങിയ പ്രധാന സൗദി നഗരങ്ങളിലേക്ക് എളുപ്പത്തില്‍ കണക്റ്റിവിറ്റി ലഭിക്കാനും ഈ സര്‍വീസ് സഹായകമാകും.