മാസങ്ങൾ നീണ്ട ആസൂത്രണം, ഒടുവിൽ പാളി: ഒമാനി പൈലറ്റ് ഹമാം ലക്ഷ്യമിട്ടത് ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ, ഞെട്ടിക്കുന്ന വിവരങ്ങൾ

ക്യാപ്റ്റനെ വീഴ്ത്തി ലാൻഡിങ് അനുമതി നേടിയ ശേഷം ആക്രമണം നടത്താനായിരുന്നു ശ്രമം.

മാസങ്ങൾ നീണ്ട ആസൂത്രണം, ഒടുവിൽ പാളി: ഒമാനി പൈലറ്റ് ഹമാം ലക്ഷ്യമിട്ടത് ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ, ഞെട്ടിക്കുന്ന വിവരങ്ങൾ

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ സഹപൈലറ്റ് ആസൂത്രണം ചെയ്തിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ഒമാനി പൗരനായ സഹപൈലറ്റ് ഹമാം അൽ ഹമാമി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇസ്രയേലി മാധ്യമങ്ങളായ 'ചാനൽ 12', 'വൈ-നെറ്റ്' എന്നിവയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ക്യാപ്റ്റനെ അക്രമിച്ചു വീഴ്ത്തിയ ശേഷം സാധാരണ നിലയിൽ ടെൽ അവീവിലേക്ക് വിമാനം പറത്തി, ലാൻഡിങ് അനുമതി വരെ നേടിയെടുക്കുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. അപായസൂചന ലഭിച്ചാൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിമാനത്തിന് നേരെ ആക്രമണം നടത്താൻ സാധ്യതയുള്ളതിനാലാണ് സംശയം തോന്നാത്ത വിധം റൺവേയ്ക്ക് തൊട്ടടുത്തെത്തി അപകടം സൃഷ്ടിക്കാൻ ഇയാൾ ലക്ഷ്യമിട്ടത്. എന്നാൽ, ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ സമയോചിതമായി കോക്പിറ്റ് വാതിൽ തുറക്കുകയും, ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ ഇടപെട്ട് സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയുമായിരുന്നു.

മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇയാൾ ഈ ഭീകരാക്രമണത്തിന് മുതിർന്നതെന്നാണ് വിവരം. വിവിധ യാത്രകൾക്കിടെ ബെൻ ഗൂറിയൻ വിമാനത്താവളത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇയാൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലും ഇതേ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ക്രൂ അംഗങ്ങളിൽ ഒരാൾ സുഹൃത്തായതിനാൽ അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തീവ്രവാദ ആശയങ്ങൾ പുലർത്തിയതിനെ തുടർന്ന് ഇയാളെ നേരത്തെ 'ഒമാൻ എയർ' വിമാനങ്ങൾ പറത്തുന്നതിൽ നിന്ന് വിലക്കിയിരുന്നതായി 'വാൾ സ്ട്രീറ്റ് ജേണൽ' വ്യക്തമാക്കുന്നു. ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനമായതിനാലാണ് ഇയാൾ ഫ്ലൈദുബായിയെ തന്റെ ലക്ഷ്യത്തിനായി തിരഞ്ഞെടുത്തത്.