ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വ്യോമയാന മേഖലയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഹമാം അൽ-ഹമ്മാമി ഒമാൻ എയറിൽ ഏകദേശം ഏഴ് വർഷം ജോലി ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ പഴയ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരുന്നതായി സിഎൻഎൻ പറയുന്നു

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിങ്ടൺ: ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായി സിഎൻഎൻ റിപ്പോർട്ട്. ഒമാൻ പൗരനായ ഹമാം അൽ-ഹമ്മാമിയാണ് വിമാനത്തിൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആക്രമണത്തിന്റെ കാരണം എന്താണെന്നതടക്കമുള്ള ഔദ്യോഗിക വിശദാംശങ്ങൾ അന്വേഷണ ഏജൻസികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വ്യോമയാന മേഖലയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഹമാം അൽ-ഹമ്മാമി ഒമാൻ എയറിൽ ഏകദേശം ഏഴ് വർഷം ജോലി ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ പഴയ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരുന്നതായി സിഎൻഎൻ പറയുന്നു. എന്നാൽ ഈ പ്രൊഫൈൽ ഇപ്പോൾ ലഭ്യമല്ല. 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേർന്ന ഇയാൾ പിന്നീട് അവിടെനിന്ന് ഫ്ലൈദുബായിൽ ജോലിക്കെത്തി. ഫ്ലൈദുബായിൽ പ്രവേശിച്ചിട്ട് ഏകദേശം എട്ട് മാസം മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഇയാൾക്ക് തീവ്ര നിലപാടുകളുണ്ടായിരുന്നുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഒമാൻ എയറിൽ ജോലി ചെയ്യുന്നതിനിടെ ഇത്തരം നിലപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഇയാൾ ആ ജോലി ഉപേക്ഷിച്ച് റോയൽ എയർ മൊറോക്കോയിൽ ചേർന്നതായാണ് വിവരം. ഹമാമിന്റെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയൻ സ്വദേശിനിയുമാണെന്നും റിപ്പോർട്ടിലുണ്ട്.

സംഭവത്തിന് പിന്നാലെ ഹമാമിനെ സൗദി, ഇസ്രയേൽ അധികൃതർ ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം, മറ്റാരുടെയെങ്കിലും പങ്കാളിത്തമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം തുടരുന്നതിനിടെയാണ് സഹപൈലറ്റിന്റെ മുൻകാല ജോലിയും സാമൂഹികമാധ്യമ പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.

സംഭവം വിമാനസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു വിമാനക്കമ്പനിയിൽനിന്ന് പിരിച്ചുവിടപ്പെടുകയോ ജോലി അവസാനിപ്പിക്കുകയോ ചെയ്ത പൈലറ്റുമാരുടെ തൊഴിൽചരിത്രം വിവിധ വിമാനക്കമ്പനികൾക്ക് പരിശോധിക്കാനാകുന്ന തരത്തിൽ കൂടുതൽ ഏകീകൃത വിവരസംവിധാനം വേണമെന്ന ആവശ്യം ഉയരാനിടയുണ്ട്. വിമാന ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പരിശോധനകൾ കൂടുതൽ ശക്തമാകാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്.