വറ്റ മത്സ്യം കഴിച്ച് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു.
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) മരിച്ചു. ഒക്ടോബർ 28-നാണ് കടുത്ത അസ്വസ്ഥതകളെ തുടർന്ന് മത്സ്യത്തൊഴിലാളിയായ സുധീറിനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
സ്വന്തം ബോട്ടിൽ മീൻ ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടിൽ നിന്ന് ലഭിച്ച 25 കിലോ തൂക്കമുള്ള 28 ഓളം വറ്റ മത്സ്യങ്ങൾ സുധീർ വാങ്ങി കുടുംബത്തോടൊപ്പം ഉപയോഗിക്കുകയായിരുന്നു. ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി തീരങ്ങളിൽ വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. ഈ വിപണിയിൽ നിന്ന് മീൻ വാങ്ങി കഴിച്ച സുധീറിന്റെ ബന്ധുക്കൾ ഉൾപ്പെടെ 27 ഓളം പേർക്ക് അലർജിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ചാകരയിൽ ലഭിച്ച മീനുകൾക്കൊപ്പം പഴകിയ മീൻ കൂട്ടി കലർത്തി വിൽപ്പന നടത്തിയതാകാം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് കരുതുന്നത്. കൂടാതെ, വറ്റ മത്സ്യം കൃത്യമായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് വിഷമയമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments ()