25ലേറെ പരാതിക്കാർ ഒരുദിവസം; പാർവതി മായ ഷാജിക്കെതിരെ തട്ടിപ്പ് കേസുകൾ പെരുകുന്നു
ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെയാണ് വിദേശത്തുനിന്ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പാർവതി ഷാജിയെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികളും കേസുകളും ഉള്ളതായി പൊലീസ്. അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ സംഭവങ്ങളുടെ എണ്ണം വർധിച്ചതോടെ പ്രതിയുടെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെയാണ് വിദേശത്തുനിന്ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പാർവതി ഷാജിയെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. ഇടപ്പള്ളിയിലെ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങൾ വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പാർവതിയുടെ അറസ്റ്റുവിവരം പുറത്തുവന്നതോടെ കൂടുതൽ പരാതിക്കാർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി. ഒരു ദിവസം മാത്രം 25ലേറെ പേർ പരാതിയുമായി എത്തിയതായാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ഇതിലുണ്ട്. കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2023 മുതൽ പണം നൽകിയവരാണ് പലരും തട്ടിപ്പിനിരയായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കാനഡയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളത്തിലുള്ള ജോലി ലഭ്യമാക്കാമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രധാന വാഗ്ദാനം. ആഡംബര ജീവിതശൈലി പ്രദർശിപ്പിച്ചുള്ള സമൂഹമാധ്യമ റീലുകളിലൂടെയും മറ്റും ശ്രദ്ധ നേടിയിരുന്ന പാർവതി മായ ഷാജിക്കെതിരെ പരാതിക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കേസുകൾ നേരിടുന്നതിനായി അഭിഭാഷകരുടെ സംഘം പ്രതിക്കൊപ്പമുണ്ടെന്നും പൊലീസ് പറയുന്നു.
കേസിൽ പാർവതിക്ക് പുറമെ ഭർത്താവ് അനീഷ് മേനോനും മാനേജർമാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരും പ്രതികളാണ്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. അനീഷ് നിലവിൽ ദുബായിലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാൾക്കെതിരെയും വിവിധ തട്ടിപ്പ്, മണി ചെയിൻ കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം നൽകിയ കൂടുതൽ പേരെ കണ്ടെത്തുന്നതിനും ഇടപാടുകളുടെ വ്യാപ്തി പരിശോധിക്കുന്നതിനുമാണ് അന്വേഷണം തുടരുന്നത്.
Comments ()