ബിജെപിയിൽ വീണ്ടും ഭിന്നത? കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ
തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിലെത്തിയാൽ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നഗരസഭയിൽ ഭരണം ലഭിച്ചപ്പോൾ വി.വി. രാജേഷിനെയാണ് പാർട്ടി മേയറായി തെരഞ്ഞെടുത്തത്
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെ തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയതായാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിലെത്തിയാൽ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നഗരസഭയിൽ ഭരണം ലഭിച്ചപ്പോൾ വി.വി. രാജേഷിനെയാണ് പാർട്ടി മേയറായി തെരഞ്ഞെടുത്തത്. ഈ തീരുമാനത്തോടുള്ള അതൃപ്തി ശ്രീലേഖ നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മേയറായി വി.വി. രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ ശ്രീലേഖ കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോയത് അന്ന് ശ്രദ്ധ നേടിയിരുന്നു. ഇതിനു പുറമേ, വിവിധ വിഷയങ്ങളിൽ ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുമായി അവർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഭിന്നതകൾ നിലനിന്നപ്പോഴും കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്ന ശ്രീലേഖയുടെ രാജി ഇപ്പോൾ നഗരസഭാ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Comments ()