പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മുൻ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ, അന്വേഷണം ശക്തം
കേസിൽ സതീഷിനെയും അഡീഷണൽ സെക്രട്ടറി ഹരിയെയും പ്രതികളാക്കിയിട്ടുണ്ട്. പരീക്ഷയിലെ 54 മാർക്കിനുള്ള ചോദ്യങ്ങളുടെ മൂല്യനിർണയം ശരിയായ രീതിയിൽ നടത്താതെ ഒരാൾക്ക് നിയമനം ലഭിക്കുന്നതിനായി ഇടപെട്ടുവെന്നാണ് സതീഷിനെതിരായ ആരോപണം
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി ചെയർമാനെ ചോദ്യം ചെയ്യാനിരിക്കെയാണ് നടപടി.
കേസിൽ സതീഷിനെയും അഡീഷണൽ സെക്രട്ടറി ഹരിയെയും പ്രതികളാക്കിയിട്ടുണ്ട്. പരീക്ഷയിലെ 54 മാർക്കിനുള്ള ചോദ്യങ്ങളുടെ മൂല്യനിർണയം ശരിയായ രീതിയിൽ നടത്താതെ ഒരാൾക്ക് നിയമനം ലഭിക്കുന്നതിനായി ഇടപെട്ടുവെന്നാണ് സതീഷിനെതിരായ ആരോപണം. ക്രമക്കേടിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഇദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. സതീഷിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ രണ്ടുതവണ സതീഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്. പിഎസ്‌സി ചെയർമാന്റെ ചോദ്യംചെയ്യൽ ഉൾപ്പെടെയുള്ള തുടർനടപടികൾ കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Comments ()