പവർ കട്ടിൽ വലഞ്ഞ് നാട്ടുകാർ; പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫീസിലേക്ക്

രാത്രി സമയങ്ങളിൽ പതിവായി വൈദ്യുതി നിലയ്ക്കുന്നതാണ് പ്രദേശവാസികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ വൈദ്യുതി തടസ്സപ്പെട്ടതോടെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലെ പ്രതിഷേധം

പവർ കട്ടിൽ വലഞ്ഞ് നാട്ടുകാർ; പ്രതിഷേധവുമായി  കെ.എസ്.ഇ.ബി ഓഫീസിലേക്ക്

കൊച്ചി: തുടർച്ചയായ രാത്രികാല വൈദ്യുതി മുടക്കം പ്രതിഷേധത്തിനിടയാക്കി. വൈറ്റിലയിൽ നാല് ദിവസമായി നേരിടുന്ന വൈദ്യുതി തടസ്സത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിലെത്തി ഉപരോധ സമരം നടത്തി.

രാത്രി സമയങ്ങളിൽ പതിവായി വൈദ്യുതി നിലയ്ക്കുന്നതാണ് പ്രദേശവാസികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ വൈദ്യുതി തടസ്സപ്പെട്ടതോടെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലെ പ്രതിഷേധം.

വിവരമറിഞ്ഞ് അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് വൈദ്യുതി വിതരണത്തെ ബാധിച്ചതെന്ന് അധികൃതർ വിശദീകരിച്ചു.

തുടർന്ന് പ്രതിഷേധം കണക്കിലെടുത്ത് സമീപത്തെ മറ്റ് ഫീഡറുകളിൽനിന്ന് വൈദ്യുതി ബന്ധം ക്രമീകരിച്ച് വിതരണം പുനഃസ്ഥാപിച്ചു. ഇതോടെ പ്രദേശത്തെ വൈദ്യുതി തടസ്സത്തിന് താൽക്കാലിക പരിഹാരമായി.