തൊഴിലുടമയുമായുള്ള തർക്കം; സൗദിയിൽ ദുരിതത്തിലായ നാല് ഇന്ത്യൻ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി

റിയാദിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് നാവികരുടെ മടക്കയാത്രയ്ക്ക് തടസ്സമായിരുന്ന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്

തൊഴിലുടമയുമായുള്ള തർക്കം; സൗദിയിൽ ദുരിതത്തിലായ നാല് ഇന്ത്യൻ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി

റിയാദ്: തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് സൗദി അറേബ്യയിൽ പ്രതിസന്ധിയിലായ നാല് ഇന്ത്യൻ നാവികർക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ അവസരം. റിയാദിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് നാവികരുടെ മടക്കയാത്രയ്ക്ക് തടസ്സമായിരുന്ന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്.

നാവികരുടെ സൈൻ-ഓഫ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ കൂടി പൂർത്തിയാകുന്നതോടെ നാലുപേരും വിമാനമാർഗം ഇന്ത്യയിലേക്ക് മടങ്ങും. നാവികർക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിനുള്ള നടപടികളിൽ സഹകരിക്കുകയും ആവശ്യമായ സഹായം നൽകുകയും ചെയ്ത സൗദി അധികൃതർക്ക് എംബസി നന്ദി അറിയിച്ചു. സുരക്ഷിതമായ യാത്രയും കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ കഴിയാനുള്ള അവസരവും ലഭിക്കട്ടെയെന്നും എംബസി ആശംസിച്ചു.

അതേസമയം, നാവികർ ജോലി ചെയ്തിരുന്ന കപ്പലിന്റെ പേര്, തൊഴിലുടമയുടെ വിവരങ്ങൾ, തർക്കത്തിന് പിന്നിലെ കൃത്യമായ കാരണം എന്നിവ എംബസി പുറത്തുവിട്ടിട്ടില്ല. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ നാവികർ നേരിടുന്ന തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കിടെയാണ് പുതിയ സംഭവവും ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ സൗദിയിലെ യാൻബു വാണിജ്യ തുറമുഖത്ത് 'ക്രോക്കഡൈൽ 001' എന്ന ഡൈവിംഗ് സപ്പോർട്ട് വെസ്സലിൽ 10 ഇന്ത്യക്കാരടക്കം 12 ജീവനക്കാർ കുടുങ്ങിയിരുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൾ പ്രകാരം ഇവർക്ക് നാല് മാസത്തെ ശമ്പളം ലഭിക്കാനുണ്ടായിരുന്നു. എംബസി ഇടപെട്ടതിനെ തുടർന്ന് ഒക്ടോബർ 8 വരെയുള്ള വിവരമനുസരിച്ച് ഇതിലൊരു നാവികനെ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നു. എന്നാൽ കുടിശ്ശികയായ മുഴുവൻ ശമ്പളവും ലഭിക്കാതെയാണ് ജീവനക്കാരെ കപ്പൽ കമ്പനി ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.

സൗദിയിൽ തൊഴിൽ സംബന്ധമായ പരാതികളിലും തൊഴിലുടമകളുമായുള്ള തർക്കങ്ങളിലും അകപ്പെടുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം നൽകുന്നതിൽ ഇന്ത്യൻ എംബസി സജീവമായി ഇടപെടുന്നുണ്ട്. സൗദി അധികൃതരുമായും ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപനം നടത്തി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികളും എംബസി തുടരുകയാണ്.