സൗദിയിൽ വാഹനാപകടത്തിൽ നാല് മരണം; മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. റിയാദ് പ്രവിശ്യയിലെ സുൽഫിയെയും ഹായിലിനെയും ബന്ധിപ്പിക്കുന്ന പാതയിലാണ് ദുരന്തമുണ്ടായത്

സൗദിയിൽ വാഹനാപകടത്തിൽ നാല് മരണം; മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ

റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. റിയാദ് പ്രവിശ്യയിലെ സുൽഫിയെയും ഹായിലിനെയും ബന്ധിപ്പിക്കുന്ന പാതയിലാണ് ദുരന്തമുണ്ടായത്.

സഹാ, റീം, ലാനാ, ലമീസ് എന്നിവരാണ് മരിച്ച കുടുംബാംഗങ്ങൾ. ഇവരുടെ മൃതദേഹങ്ങൾ സുൽഫിയിലെ ഇമാം ഫൈസൽ ബിൻ തുർക്കി ജുമാമസ്ജിദിൽ ഇന്നലെ രാത്രി ഇശാ നമസ്കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിനു പിന്നാലെ സുൽഫിയിൽ തന്നെ ഖബറടക്കി.

അതിനിടെ, അൽഖസീം പ്രവിശ്യയിലും ബസ് അപകടത്തിൽ നാല് പേർ മരിച്ചതായി നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി സെന്റർ സ്ഥിരീകരിച്ചു. അപകടത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട തെളിവുകളും വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്നും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി സെന്റർ വ്യക്തമാക്കി.