റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ മലയാളിയും; ആകെ മരണം 13

യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു.

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ മലയാളിയും; ആകെ മരണം 13

ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി വിവരം. അപകടത്തിൽ ഇതുവരെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ച മലയാളിയുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മലയാളി ഉടമസ്ഥതയിലുള്ള യാത്രാബസാണ് അപകടത്തിൽപ്പെട്ടത്.

ഒമാനിൽ വിസ പുതുക്കുന്നതിനായി പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിന് പിറകിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. കൂടാതെ ഒരു ഫിലിപ്പെയ്ൻ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.

അപകടവിവരം ലഭിച്ചയുടൻ തന്നെ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തി. സിവിൽ ഡിഫൻസ് വിഭാഗം, ആംബുലൻസ് ജീവനക്കാർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. അപകടസ്ഥലം സുരക്ഷിതമാക്കിയ അധികൃതർ മേഖലയിലെ ഗതാഗതവും നിയന്ത്രിച്ചു.