അഞ്ചുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാനായില്ല; പ്രവാസ ലോകത്ത് യുവാവിന് ദാരുണാന്ത്യം

കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന ധർമ്മദുരൈ സഹപ്രവർത്തകന്റെ അഭാവത്തിൽ ട്രാക്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അഞ്ചുമാസം  പ്രായമുള്ള തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാനായില്ല; പ്രവാസ ലോകത്ത് യുവാവിന് ദാരുണാന്ത്യം

റിയാദ്: ട്രാക്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. ചിറ്റൂർ സ്വദേശിയായ ധർമ്മദുരൈ (27) ആണ് അൽഖർജിലെ ആശുപത്രിയിൽ മരിച്ചത്. നാലുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് മരണം സംഭവിച്ചത്.

കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന ധർമ്മദുരൈ സഹപ്രവർത്തകന്റെ അഭാവത്തിൽ ട്രാക്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ കയറാതെ പുറത്തുനിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനിടെ കൈ അബദ്ധത്തിൽ ഗിയറിൽ തട്ടുകയായിരുന്നു. ഇതോടെ ട്രാക്ടർ മുന്നോട്ടുനീങ്ങുകയും സമീപത്തുണ്ടായിരുന്ന ധർമ്മദുരൈ വാഹനത്തിനടിയിൽപ്പെടുകയും ചെയ്തു. തലയിലൂടെ ട്രാക്ടർ കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു വർഷം മുമ്പാണ് ധർമ്മദുരൈ ജോലിക്കായി സൗദിയിലെത്തിയത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. അഞ്ച് മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ കാണാൻ നാട്ടിലേക്ക് മടങ്ങാനാകാതെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.