70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; തമിഴ്നാട്ടിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
നിയമസഭയിലാണ് ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സാധാരണ ചികിത്സകൾക്ക് പുറമെ ഗുരുതരവും വിട്ടുമാറാത്തതുമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയ്ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും.
ചെന്നൈ: സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. 70 വയസിന് മുകളിലുള്ള എല്ലാ വ്യക്തികൾക്കും വരുമാനപരിധിയില്ലാതെ സൗജന്യവും കാഷ്‌ലെസ് ചികിത്സയും ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. ഏകദേശം 38 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്.
നിയമസഭയിലാണ് ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സാധാരണ ചികിത്സകൾക്ക് പുറമെ ഗുരുതരവും വിട്ടുമാറാത്തതുമായ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയ്ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും.
ഹൃദ്രോഗ ചികിത്സ, അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയ ചെലവേറിയ ചികിത്സകളും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തും. കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ള ഉയർന്ന ചെലവുള്ള ശസ്ത്രക്രിയകൾക്ക് പരമാവധി 23 ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മുതിർന്ന പൗരന്മാർക്ക് ചികിത്സാച്ചെലവ് വലിയ സാമ്പത്തിക ബാധ്യതയാകുന്നത് ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയോടും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയോടും സംയോജിപ്പിച്ചായിരിക്കും പുതിയ പദ്ധതി നടപ്പാക്കുകയെന്നാണ് വിവരം.
പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ തമിഴ്നാട്ടിലെ 70 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വരുമാന മാനദണ്ഡങ്ങളില്ലാതെ ആരോഗ്യ പരിരക്ഷ ലഭ്യമാകും.
Comments ()