ചൈനയിലെ ഭൂചലനത്തിന് പിന്നാലെ ടിബറ്റിൽ അണക്കെട്ട് തകർന്നതായി മുന്നറിയിപ്പ്; നേപ്പാളിൽ വീണ്ടും പ്രളയഭീതി

വെള്ളിയാഴ്ചയാണ് പുതിയ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇതോടെ ത്രിശൂലി മേഖലയിലെ രക്ഷാപ്രവർത്തനങ്ങളും റോഡ് പുനർനിർമാണം ഉൾപ്പെടെയുള്ള മറ്റ് ജോലികളും താൽക്കാലികമായി നിർത്തിവെച്ചു. രക്ഷാപ്രവർത്തനത്തിനായി എത്തിയ വാഹനങ്ങളോടും മടങ്ങാൻ നിർദേശം നൽകിയതായി നേപ്പാൾ പൊലീസ് അറിയിച്ചു.

ചൈനയിലെ ഭൂചലനത്തിന് പിന്നാലെ ടിബറ്റിൽ അണക്കെട്ട് തകർന്നതായി മുന്നറിയിപ്പ്; നേപ്പാളിൽ വീണ്ടും പ്രളയഭീതി

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിന്റെ ദുരന്തത്തിൽനിന്ന് കരകയറുന്നതിനിടെ നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്. ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

വെള്ളിയാഴ്ചയാണ് പുതിയ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇതോടെ ത്രിശൂലി മേഖലയിലെ രക്ഷാപ്രവർത്തനങ്ങളും റോഡ് പുനർനിർമാണം ഉൾപ്പെടെയുള്ള മറ്റ് ജോലികളും താൽക്കാലികമായി നിർത്തിവെച്ചു. രക്ഷാപ്രവർത്തനത്തിനായി എത്തിയ വാഹനങ്ങളോടും മടങ്ങാൻ നിർദേശം നൽകിയതായി നേപ്പാൾ പൊലീസ് അറിയിച്ചു.

ടിബറ്റൻ മേഖലയിൽനിന്ന് ശക്തമായ ജലപ്രവാഹം ഉണ്ടാകാനുള്ള സാധ്യതയാണ് ആശങ്കയ്ക്ക് കാരണം. ടിബറ്റ് ഭാഗത്തെ ഒരു അണക്കെട്ട് വീണ്ടും തകർന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതോടെ ത്രിശൂലി നദിയിൽ ജലനിരപ്പ് അപകടകരമായി ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തകരും പ്രദേശവാസികളും ഉടൻ സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ലോങ്ചാങ് നഗരത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് സിജിടിഎൻ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച ഭോട്ടെ കോശി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടമാണ് നേപ്പാളിലുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും പ്രളയഭീഷണി ഉയർന്നിരിക്കുന്നത്.

അടുത്ത ഘട്ടത്തിൽ കൂടുതൽ ശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പോലും നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ ആളുകളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.