'ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായി'; പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും കോൺഗ്രസിലേക്ക് മടങ്ങുന്നു
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പത്മിനി തോമസ് പാർട്ടി വിടുന്നു.
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു. പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതിനുള്ള കത്ത് ഇന്ന് കൈമാറുമെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചതായും, ചൊവ്വാഴ്ച അദ്ദേഹത്തെ നേരിൽ കാണുമെന്നും അവർ അറിയിച്ചു.
ബിജെപിയിലേക്ക് പോയത് ഒരു എടുത്തുചാട്ടമായിപ്പോയെന്നും ആ തെറ്റ് തിരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പത്മിനി തോമസ് പറഞ്ഞു. നിബന്ധനകളൊന്നും വെക്കാതെയാണ് ബിജെപിയിൽ ചേർന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നും പാർട്ടിയിൽ യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. സംസ്ഥാന നേതൃത്വം പല കാര്യങ്ങളും തന്നോട് ആശയവിനിമയം നടത്തിയിരുന്നില്ലെന്നും ബിജെപിയുടെ എല്ലാ ആശയങ്ങളോടും തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പാളയത്ത് മത്സരിച്ചത് സ്വന്തം താൽപര്യപ്രകാരമായിരുന്നില്ലെന്നും, തനിക്കുള്ള അതേ അസംതൃപ്തി ആർ. ശ്രീലേഖയ്ക്കും ഉണ്ടെന്നും അവർ തന്നോട് ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും പത്മിനി വെളിപ്പെടുത്തി. പത്മജയുടെ രാജിയല്ല തന്റെ തീരുമാനത്തിന് പിന്നിലെന്നും, ഒരു വർഷം മുൻപ് തന്നെ പാർട്ടി വിടാൻ തീരുമാനിച്ചിരുന്നതായും അവർ വ്യക്തമാക്കി. യാതൊരു സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചല്ല സ്വന്തം കുടുംബത്തിലേക്ക് മടങ്ങുന്നതെന്നും, തെറ്റ് തിരുത്താനുള്ള അവസരം കോൺഗ്രസ് നേതൃത്വം നൽകണമെന്നും പത്മിനി തോമസ് ആവശ്യപ്പെട്ടു.
Comments ()